തൃശൂർ : സിപിഐ. സംസ്ഥാന സെക്രട്ടറി സ്ഥാനം കാനം രാജേന്ദ്രനു ഒഴിയേണ്ടി വന്നേക്കും. കാനത്തിന്റെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അടുത്ത സംസ്ഥാന സമ്മേളനം വരെ സെക്രട്ടറിയുടെ ചുമതല വഹിക്കാൻ പകരം ആളെത്തണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ കാനത്തിനുണ്ട്.

പകരം ബിനോയ് വിശ്വമോ കെ. പ്രകാശ് ബാബുവോ വരുമെന്നാണ് സൂചന. കാനത്തിന്റെ വിശ്വസ്തനാണ് ബിനോയ് വിശ്വം. എന്നാൽ എതിർ ചേരിയിലായിരുന്നു മുമ്പ് പ്രകാശ് ബാബു. പിന്നീട് കാനത്തിനൊപ്പമായി. അതിനിടെ അസി. സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനെയോ പി.പി. സുനീറിനെയോ ചുമതല ഏൽപ്പിക്കുമെന്ന വികാരവും ശക്തമാണ്. ഇക്കാര്യത്തിൽ 30 ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനമെടുക്കമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

സീനിയറായ നേതാവുതന്നെ സെക്രട്ടറിയാകണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. ബിനോയ് വിശ്വവും പ്രകാശ് ബാബുവും ചർച്ചകളിലേക്ക് എത്തിയതും അതുകൊണ്ടാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കാനത്തിനെതിരെ പ്രകാശ് ബാബു മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ അവസാനം പ്രകാശ് ബാബു സമവായത്തിന് തയ്യാറായി. കാനത്തിനൊപ്പമായിരുന്നു സമ്മേളന കാലത്ത് ബിനോയ് വിശ്വം.

പാർട്ടി ദേശീയ സെക്രട്ടറിമാരിൽ ഒരാളും എ.ഐ.ടി.യു.സി. വർക്കിങ് പ്രസിഡന്റുമാണ് ബിനോയ് വിശ്വം. ഒപ്പം രാജ്യസഭാ എംപിയെന്ന നിലയിൽ പാർട്ടിയുടെ ദേശീയമുഖവുമാണ്. ദേശീയ എക്സിക്യൂട്ടീവ് അംഗമായ പ്രകാശ് ബാബു മുൻ എംഎ‍ൽഎയും മുൻ സംസ്ഥാന അസി. സെക്രട്ടറിയുമാണ്. 2022 ഒകേ്ടാബറിലാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. പ്രമേഹത്തെത്തുടർന്ന് വലതുകാൽപാദം മുറിച്ചുമാറ്റിയ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

അണുബാധയ്ക്കു കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കാൽപാദം മുറിച്ചു കളയേണ്ടി വന്നതെന്ന് കാനം പറഞ്ഞിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഓടിനടന്ന് സംഘടനയെ ചലിപ്പിക്കാൻ കാനത്തിന് ആരോഗ്യ പ്രശ്‌നം തടസ്സമാണ്. അതുകൊണ്ടാണ് പുതിയ സെക്രട്ടറിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് സിപിഐയിൽ ചേരിമാറ്റം ഉണ്ടായത്. ഓദ്യോഗിക പക്ഷത്തിനെതിരെ ജില്ലാ സമ്മേളനങ്ങളിൽ നീക്കം നടത്തിയിരുന്ന കെ.ഇ. ഇസ്മയിൽ പക്ഷത്ത് വിള്ളൽ വീഴ്‌ത്തി അസിസ്റ്റൻ് സെക്രട്ടറി കെ. പ്രകാശ് ബാബു കാനം പക്ഷത്തിനൊപ്പമെത്തിയത് വലിയ ചർച്ചയായിരുന്നു.

പ്രായപരിധി നിർബന്ധമാക്കുന്നതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കാനത്തിന് വേണ്ടി സംസ്ഥാന കൗൺസിലിൽ മറുപടി പറഞ്ഞാണ് പ്രകാശ്ബാബുവിന്റെ ചേരിമാറ്റം സംഭവിച്ചത്. മലപ്പുറം , വയനാട് ജില്ലാ സമ്മേളനങ്ങൾ മാത്രം അവേശഷിക്കെയുള്ള ഈ മാറ്റം സിപിഐയിൽ കാനത്തിന് മുൻതൂക്കം നൽകി. ഇസ്മയിന് ഒപ്പമുള്ള കോട്ടയം ജില്ല സെക്രട്ടറി വി.ബി. ബിനുവാണ് പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം സംസ്ഥാന കൗൺസിലിൽ ഉയർത്തിയത്. പ്രായപരിധി കർശനമാക്കുന്നത് കാനത്തിന്റെ താല്പര്യമെന്ന ലക്ഷ്യം വച്ചായിരുന്നു വിമർശനം. വിമർശനത്തിന് മറുപടി പറയേണ്ട കാനം രാജേന്ദ്രൻ മൗനം പാലിച്ചു. എന്നാൽ ഇസ്മയിൽ വിഭാഗത്തെ ഞെട്ടിച്ചുകൊണ്ടാണ് കാനത്തെ പിൻതുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞു.

പ്രായപരിധി കർശനമായി നടപ്പാക്കുമെന്നും അത് ഭരണഘടന വിരുദ്ധമല്ലെന്നും പ്രകാശ് ബാബു പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇസ്മയിൽ പക്ഷം പ്രകാശ് ബാബുവിന് മൽസരിപ്പിക്കുമോ എന്നുള്ള ചർച്ചകൾ അന്ന് പാർട്ടിക്കുള്ളിൽ സജീവമായിരുന്നു. ഇതിനിടെയാണ് എതിർചേരിയെ പിളർത്തി പ്രകാശ് ബാബു കാനത്തിനൊപ്പം ചേർന്നത്. ഇതോടെ കാനത്തിന് സെക്രട്ടറി സ്ഥാനത്തേക്ക് തല്്ക്കാലം വെല്ലുവിളിയില്ലാത്ത അവസ്ഥ വന്നു. ആദ്യം സമ്മേളനം നടന്ന പന്ത്രണ്ട് ജില്ലകളിൽ ബഹുഭൂരിപക്ഷം ജില്ലകളിലും കാനം രാജേന്ദ്രൻ സ്വാധീനം ഉറപ്പിച്ചത് ഇസ്മയിൽ പക്ഷത്ത് വിള്ളലിന് കാരണമായി.

കൊല്ലം ജില്ലയിൽ ഇസ്മയിലിനും പ്രകാശ്ബാബുവിനും ഒപ്പം നിന്ന പി.എസ്. സുപാലിനെ സ്വന്തം ക്യാമ്പിലെത്തിച്ച് സെക്രട്ടറിയാക്കിയാണ് എതിർചേരിയിൽ വിള്ളലിന് കാനം നീക്കം തുടങ്ങിയത് . ശക്തികേന്ദ്രമായ കോട്ടയത്തും ഇടുക്കിയിലും ഔദ്യോഗിക പക്ഷത്തെ തോൽപ്പിച്ചെങ്കിലും സംസ്ഥാന സമ്മേളനത്തിൽ ഏറ്റുമുട്ടാൻ ഇസ്മയിൽ പക്ഷത്തിന് ഏറ്റുമുട്ടാൻ പ്രാപ്തി കുറഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോഴും കാനത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. കാനത്തിന്റെ പിന്തുണയുള്ളവർ മാത്രമേ അടുത്ത സെക്രട്ടറിയാകൂവെന്നതും സിപിഐയിൽ ചർച്ചാ വിഷയമാണ്.