- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിനോയ് വിശ്വത്തെ പകരക്കാരനായി നിർദ്ദേശിച്ച് കത്തെഴുതിയത് രണ്ടു ദിവസം മുമ്പ്; താൽകാലിക സെക്രട്ടറിയെ കണ്ടെത്താൻ ചേരാനിരുന്ന സമിതി ഇനി കണ്ടത്തേണ്ടത് പകരക്കാരനെ; ബിനോയിയ്ക്കൊപ്പം പ്രകാശ് ബാബുവിനും സാധ്യത; സിപിഐയെ ഇനി ആരു നയിക്കും?
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തോടെ സിപിഐയിൽ ഉടൻ പുതിയ സെക്രട്ടറി വരും. പിൻഗാമിയെക്കുറിച്ചുള്ള അഭിപ്രായവും കൈമാറിയ ശേഷമാണ് കാനം രാജേന്ദ്രൻ വിടവാങ്ങിയത് എന്നാണ് റിപ്പോർട്ട്. ചികിത്സയ്ക്ക് അവധിയെടുക്കുന്ന ഘട്ടത്തിൽ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വത്തിനു താൽക്കാലിക ചുമതല കൈമാറാമെന്നായിരുന്നു കാനത്തിന്റെ നിർദ്ദേശം. താൽക്കാലിക ചുമതലക്കാരനു പകരം ഇനി സിപിഐക്ക് പൂർണ സെക്രട്ടറിയെയാണ് കണ്ടെത്തേണ്ടി വരുന്നത്. ബിനോയ് വിശ്വത്തിന് ഒപ്പം ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബുവിന്റെ പേരും പരിഗണിക്കപ്പെടും.
ചികിത്സയ്ക്കായി 3 മാസത്തെ അവധി വേണമെന്ന അപേക്ഷയാണ് പാർട്ടി കേന്ദ്രനേതൃത്വത്തിനു കാനം നൽകിയത്. തന്നെ കൂടാതെ കേന്ദ്ര സെക്രട്ടേറിയറ്റിൽ കേരളത്തിൽനിന്നുള്ള രണ്ടാമത്തെ അംഗമായ ബിനോയിയെ ചുമതല ഏൽപിക്കാമെന്നായിരുന്നു നിർദ്ദേശം. കാനത്തിന്റെ അതിവിശ്വസ്തനായിരുന്നു ബിനോയ് വിശ്വം. 16, 17 തീയതികളിൽ ചേരുന്ന ദേശീയ നിർവാഹകസമിതി യോഗം താൽകാലിക സെക്രട്ടറിയിൽ തീരുമാനം എടുക്കാൻ ഇരിക്കെയാണ് മരണം. സിപിഐയിൽ രണ്ടു വിഭാഗങ്ങൾ സജീവമാണ്. കാനത്തിന് പുറമേ കെഇ ഇസ്മായിലിനെ അനുകൂലിക്കുന്നവരാണ് അവർ. പ്രകാശ് ബാബുവിന് വേണ്ടി അവർ വാദമുയർത്തും. ഇതിനൊപ്പം മറ്റ് ചിലരേയും മുമ്പോട്ട് വയ്ക്കാൻ സാധ്യതയുണ്ട്.
ബിനോയ് വിശ്വത്തിന് വേണ്ടി കാനം നിലപാട് എടുത്തത് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിൽ വാർത്തയായത്. തൊട്ടു പിന്നാലെ മരണവും എത്തുന്നു. മൂന്നു മാസത്തെ അവധിക്കപേക്ഷിച്ച് ദേശീയ നേതൃത്വത്തിന് നൽകിയ കത്തിലാണ് തന്റെ പിൻഗാമിയിൽ കാനം നിലപാട് അറിയിച്ചത്. ഇത് അത്യപൂർവ്വമാണ്. മൂന്ന് മാസത്തെ അവധിയായിരുന്നു കാനം ചോദിച്ചിരുന്നത്. ഈ മാസം പതിനാറിനും 17 നും ദേശീയ നിർവാഹ സമിതി യോഗം ഡൽഹിയിൽ ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കാനം മരിച്ചതോടെ ഈ യോഗം പകരക്കാരനെ കണ്ടെത്തും.
27ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന നിർവാഹ സമിതി യോഗത്തിൽ പകരം ചുമതലക്കാരൻ ആരെന്ന് ദേശീയ നേതൃത്വം അറിയിക്കും. സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജയും പങ്കെടുക്കും. നിലവിൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരനും പി. പി. സുനീറും ഉൾപ്പടെ സംസ്ഥാന നേതൃത്വം കൂട്ടായാണ് പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത്. പുതിയ സെക്രട്ടറി വരും വരെ അത് തുടരും. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ കാനത്തിന് പകരം ചുമതലക്കാരനെ നിശ്ചയിക്കുമ്പോൾ അതേ പദവിയുള്ളയാൾ വേണം എന്നതിനാലാണ് ബിനോയി വിശ്വത്തിന് മുൻതൂക്കം കിട്ടാൻ സാധ്യത ഏറെയാണ്.
കാനം രാജേന്ദ്രന് പുറമേ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവിലുള്ളത്. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടിയാണ്. പ്രകാശ് ബാബു, ബിനോയ് വിശ്വം എന്നിവരിലൊരാളെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നത്. ബിനോയ് വിശ്വത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ചാൽ പ്രകാശ് ബാബുവിന് സാദ്ധ്യതയേറും. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി.പി സുനീർ എന്നിവരേയും പരിഗണിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
ഈ ചർച്ചയ്ക്കിടെ വീണ്ടും സിപിഐയിൽ ഗ്രൂപ്പ് പോര് ശക്തമാകാൻ സാധ്യത ഏറെയാണ്. അവസരം നോക്കി കെ ഇ ഇസ്മായിലും കെ ദിവാകരനും ഇരിക്കുന്നുണ്ട്. ഈ നേതാക്കൾക്ക് സംസ്ഥാന നേതൃത്വത്തിൽ ഇന്ന് വലിയ റോളുകളില്ല. ഈ സാഹചര്യത്തിൽ അടുത്ത സെക്രട്ടറി ആരെന്നതും നിർണ്ണായകമാണ്. സിപിഐയുടെ സംഘടനാ സംവിധാനത്തെ പോലും ഇത് സ്വാധീനിക്കും.




