കോഴിക്കോട്: കനത്ത തോൽവി നേരിട്ട ഇടതു മുന്നണിയിലെ സുപ്രധാന കക്ഷിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐക്ക് മാർക്‌സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി. ആദ്യപടിയെന്ന നിലയിൽ നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാം. യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎൻഎ ഖാദർ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുറമ്പോക്കിലേക്ക് തള്ളിയത് സിപിഎം നയങ്ങളാണ്. സിപിഐ അതിനു വഴിപ്പെടാതിരുന്ന കാലത്ത് അവർക്ക് ഭരണത്തിലും പുറത്തും അർഹമായ പദവികളും അന്തസ്സും കൂടുതൽ ജനപിന്തുണയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തും അതുണ്ടായിരുന്നു.

സിപിഎമ്മിനോടു നിരന്തരമായ ആശയ സംഘട്ടനത്തിലായിരുന്ന സിപിഐ അവരോട് സന്ധി ചെയ്തതോടെ അവരുടെ ഭൗതികവും ആത്മീയവുമായ രാഷ്ട്രീയചൈതന്യം കെട്ടുപോയി. സാഹചര്യം നന്നായി മുതലെടുത്ത സിപിഎം സിപിഐ എന്ന പാർട്ടിയെ വരുതിയിൽ നിർത്തി. കേരളത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാടിൽ ചെറിയൊരു മാറ്റം വരുത്തിയാൽ അവർക്കു ഗുണം ചെയ്യുമെന്നും ലേഖനത്തിൽ പറയുന്നു.

ഇടതുപാർട്ടികൾ ഇന്ത്യയിൽ ശക്തിപ്പെടേണ്ടത് ആവശ്യം തന്നെയാണ്. മോദിക്കും ബിജെപിക്കും അവരുടെ വർഗീയ, വംശീയ, ഏകാധിപത്യ ജനവിരുദ്ധ നയങ്ങൾക്കെതിരെ കൂട്ടായ പോരാട്ടമാണ് ഇന്നു പ്രധാനം. കോൺഗ്രസിന്റെയും ഇതര പാർട്ടികളുടേയും പിന്തുണ കൊണ്ടാണ് കേരളത്തിലൊഴികെ സിപിഎമ്മും സിപിഐയും ജയിക്കുന്നത്. കോൺഗ്രസ് സഹായം ഇല്ലാതെ സിപിഎം ജയിച്ചത് ഇന്ത്യയിൽ ആലത്തൂരിൽ മാത്രമാണെന്നും ലേഖനത്തിൽ സൂചിപ്പിക്കുന്നു.