- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യം പിടികിട്ടിയത് സിപിഐ തിരുവനന്തപുരം ജില്ലാ ഘടകത്തിന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി സിപിഐയുടെ തിരുവനന്തപുരം ഘടകം. സ.പി.ഐ. തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം ഉയർന്നു. സിപിഐയുടെ സംസ്ഥാന നേതൃയോഗത്തിലും ഈ നിലപാട് ജില്ലാ ഘടകം ഉന്നയിക്കും.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം. അതിരുവിട്ട ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി. നവ കേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും സപ്ലൈകോയുടെ ദുരവസ്ഥയും ജനങ്ങളെ സർക്കാരിനെതിരാക്കി. ഹൈന്ദവ വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞന്നും വിലയിരുത്തൽ വന്നു.
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് വരെ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. മാത്രമല്ല സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രകടനവും മോശമാണെന്നും ചർച്ചയെത്തി. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറിയെന്നും വിമർശനം.
ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടുവെന്നും വിലയിരുത്തലെത്തി. നവ കേരള സദസ്സ് ധൂർത്തായി മാറി. നടന്നത് വലിയ പണപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും യോഗത്തിൽ വിമർശനമുയർന്നു. രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. പി.പി. സുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്.
ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സി.കെ. ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സിപിഐക്ക് കഴിയുന്നില്ലെന്നും അഭിപ്രായം ഉയർന്നു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ വിജയിപ്പിക്കാൻ വേണ്ടത്ര സഹകരണം സിപിഎം നൽകിയില്ലെന്ന വിലയിരുത്തലുമുണ്ട്.