കൊച്ചി: തൃശൂർ എംഎ‍ൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് പി.ബാലചന്ദ്രൻ നടത്തിയതെന്നും സതീശൻ പറഞ്ഞു. അതിനിടെ സിപിഐയിലും ഇത് ചർച്ചയായിട്ടുണ്ട്. തൃശൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായി വി എസ് സുനിൽകുമാറിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇതിനിടെയാണ് വിവാദ പരാമർശം ഉണ്ടാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വിശ്വാസ ചർച്ചകൾ സജീവമാക്കിയ മണ്ണാണ് തൃശൂരിലേത്. സുരേഷ് ഗോപിക്ക് വിജയ സാധ്യതയൊരുക്കാനാണ് ഇതെന്നും വിലയിരുത്തൽ എത്തി. അതിനിടെ മോദി തന്നെ തൃശൂരിൽ മത്സരിക്കുമെന്നും പ്രചരണമുണ്ട്. ഏതായാലും അതിശക്തനായ സ്ഥാനാർത്ഥി ബിജെപിക്കുണ്ടാകും. ഇതിനിടെയാണ് വിശ്വാസികളെ വേദനിപ്പിക്കുന്ന പരാമർശം തൃശൂർ എംഎൽഎ നടത്തുന്നത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുനിൽകുമാറിനെ അനുകൂലിക്കുന്ന തൃശൂരിലെ സിപിഐക്കാരും വിശ്വസിക്കുന്നു.

കാനം രാജേന്ദ്രൻ പക്ഷത്തിന് താൽപ്പര്യമില്ലാത്ത നേതാവാണ് വി എസ് സുനിൽകുമാർ. പി ബാലചന്ദ്രൻ കാനത്തിന്റെ അതിവിശ്വസ്തനും. കാനത്തിന്റെ മരണ ശേഷമാണ് സുനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം പോലും ചർച്ചയായത്. ഇതിനിടെയാണ് ബാലചന്ദ്രന്റെ വിശ്വാസികളെ വേദനിപ്പിക്കൽ. ഇത് സുനിൽകുമാറിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതിനിടെയാണ് പ്രതിപക്ഷ നേതാവും ശക്തമായ വിമർശനം ഉന്നയിക്കുന്നത്. ബാലചന്ദ്രനെതിരെ പൊലീസിൽ പരാതികൾ എത്താനും സാധ്യതയുണ്ട്.

സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിളക്കമുള്ള പ്രകടനം കാഴ്ച വച്ച് സിപിഐയുടെ പ്രസക്തി കാട്ടാനാണ് ബിനോയ് വിശ്വത്തിന്റെ നീക്കം. ഇതിനിടെയാണ് ബാലചന്ദ്രൻ വിശ്വാസികൾക്കെതിരായ പരാമർശവുമായി എത്തിയത്. ഇതിൽ ബിനോയ് വിശ്വവും അതൃപ്തിയിലാണ്. ബാലചന്ദ്രനെ സിപിഐ ശാസിക്കുമെന്നാണ് സൂചന.

വർഗീയതയുടെ വിത്ത് പാകാൻ ശ്രമിക്കുന്ന ശക്തികൾ കേരളീയ സമൂഹത്തിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം വർഗീയ വാദികൾക്ക് ആയുധം നൽകുന്ന പ്രസ്താവനയാണ് പി.ബാലചന്ദ്രൻ നടത്തിയത്. തൃശൂർ എംഎ‍ൽഎയുടെ വിവാദ പരാമർശങ്ങൾ എരീതിയിൽ എണ്ണ ഒഴിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഭാഷ തരംതാണതും പ്രയോഗങ്ങൾ അനുചിതവുമാണെന്ന് സതീശൻ വിശദീകരിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ചതുകൊണ്ട് അതുണ്ടാക്കിയ മുറിവുകൾ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നില്ലെന്ന് പരസ്യ നിലപാടെടുത്തവർ, തുടർച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. സിപിഐയും ഇടത് മുന്നണിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

രാമായണവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിൽ ഖേദം പ്രകടിപ്പിച്ച് പി. ബാലചന്ദ്രൻ രംഗത്തു വന്നിരുന്നു. ഫേസ്‌ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറയുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിന്റെ പേരിൽ ആരും വിഷമിക്കരുതെന്നും എംഎ‍ൽഎ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.' പി. ബാലചന്ദ്രന്റെ പോസ്റ്റ്.

എംഎ‍ൽഎയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎ‍ൽഎ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പി. ബാലചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ സിപിഐ തൃശ്ശൂർ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് രംഗത്തെത്തിയിരുന്നു. എംഎ‍ൽഎ പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് വൽസരാജ് പ്രതികരിച്ചു. എംഎ‍ൽഎക്ക് തെറ്റുപറ്റിയെന്നും ജാഗ്രത വേണമായിരുന്നുവെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കി.