കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു തോൽവിയുടെ അവലോകനത്തിലാണ് ഇടതു മുന്നണിയിലെ പാർട്ടി യോഗങ്ങൾ. സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീണ്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോൾ സിപിഐ യോഗങ്ങളിൽ സ്വന്തം മന്ത്രിമാർക്കെതിരെയും വിമർശനം കടുപ്പിക്കുകയാണ്. സിപിഐ മന്ത്രിമാർ അമ്പേ തോൽവിയായി എന്നാണ് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ യോഗത്തിൽ ഉയർന്ന വിമർശനം.

ജനങ്ങളുമായി അടുത്തു പ്രവർത്തിക്കേണ്ട ഭക്ഷ്യസിവിൽ സപ്ലൈസ്, റവന്യു വകുപ്പുകൾ വൻ പരാജയമായത് തിരിച്ചടിയായി എന്നാണ് ജില്ലാ കൗൺസിലിൽ വിമർശനം. മന്ത്രി ജി.ആർ.അനിലിനെതിരെ ആരംഭിച്ച വിമർശനം കെ.രാജനിലേക്കുും എത്തി. സ്വന്തം പാർട്ടിയുടെ മന്ത്രിമാരെ ഒരു പോലെ കടന്നാക്രമിച്ചാണ് ജില്ലാ കൗൺസിൽ, എക്‌സിക്യൂട്ടീവ് യോഗങ്ങൾ പിരിഞ്ഞത്. ഭരണം കൊണ്ട് പാർട്ടിക്കോ ജനങ്ങൾക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നും കൗൺസിലിൽ കടുത്ത വിമർശനം ഉയർന്നു.

സിവിൽ സപ്ലൈസ് ഷോറൂമുകൾ കാലിയായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇതെല്ലാം പാർട്ടിക്കും ഭരണത്തിനും അവമതിപ്പുണ്ടാക്കിയ കാഴ്‌ച്ചയാണെന്നും വിമർശനം ഉയർന്നു. ധനവകുപ്പിന്റെ പിടിപ്പുകേടാണ് സിവിൽ സപ്ലൈസിനെ തകർത്തതെങ്കിലും പ്രത്യക്ഷത്തിൽ ഭക്ഷ്യ വകുപ്പിന്റെ വീഴ്ചയായാണ് ജനങ്ങൾ കണ്ടത്. ഫോർട്ട് കൊച്ചി ആർഡിഒ ഓഫിസിൽ കയറിയിറങ്ങി മടുത്ത ജനം എങ്ങനെ ഈ സർക്കാരിനെ പിന്തുണയ്ക്കുമെന്നു ചോദ്യവും റവന്യു വകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തി കൊണ്ട് ഉണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ വിമർശനമുണ്ടായി. എൽഡിഎഫ് കൺവീനർ ബിജെപി നേതാക്കളെ കണ്ടത് പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നും എൽഡിഎഫ് യോഗത്തിൽ പാർട്ടി ഇക്കാര്യം ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. സിപിഐ അഭിപ്രായമില്ലാത്ത പാർട്ടിയായി മാറിയെന്നും വെളിയം ഭാർഗവനും സി.കെ.ചന്ദ്രപ്പനും ഇരുന്ന കസേര ഇത്ര പെട്ടെന്ന് ദുർബലമായിപ്പോയല്ലോ എന്നും വിമർശനമുണ്ടായി.

തിരഞ്ഞെടുപ്പു സംബന്ധിച്ച് ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ സിപിഎം ഏകപക്ഷീയമായാണ് കാര്യങ്ങൾ നീക്കിയതെന്നും പലയിടത്തും സിപിഐക്ക് റോൾ ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പ്രീണനം കൂടിയതോടെ പരമ്പരാഗതമായ ഭൂരിപക്ഷ വോട്ടുകളിൽ ചോർച്ച സംഭവിച്ചുവെന്നും വിമർശനം വന്നു.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാർട്ടി മിണ്ടാതിരുന്നതു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു സിപിഐ ജില്ലാ കൗൺസിലിന്റെ തിരഞ്ഞെടുപ്പ് അവലോകനത്തിൽ വിമർശനം ഉയർന്നു. കരുവന്നൂരിൽ ഇരകൾക്ക് ഒപ്പമായിരുന്നു നിൽക്കേണ്ടിയിരുന്നതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വോട്ട് ചോർച്ചയ്ക്കു പ്രധാന കാരണം പെൻഷൻ നൽകാത്തതും സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതുമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേസമയം സിപിഎം സംസ്ഥാന സമിതി യോഗത്തിലും ഭരണത്തിനെതിരായാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ചുരുക്കത്തിൽ, നിയമസഭയിൽ, ഇടതുതോൽവിക്ക് കാരണമായ കണക്കുനിരത്തിയും അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതും പാർട്ടി തള്ളുകയാണ്. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.

സർക്കാറിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ പറഞ്ഞു. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു.

പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. നവകേരള സദസിന്റെ ഗുണം കിട്ടിയില്ലെന്നും അടിസ്ഥാന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കണ്ടു കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് സെക്രട്ടേറിയറ്റിൽ വിലയിരുത്തിയത്. തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കേട്ടതോടെ മാർഗ്ഗ രേഖ അന്തിമമാക്കും.

പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.