തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ രൂക്ഷ വിമർശനവുമായി ഭരണപ്പാർട്ടിയായി സിപിഐ. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഉന്നമിട്ടുള്ള വിമർശനങ്ങളാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ ഉയർന്നത്. സിപിഐയുടെ വകുപ്പുകളെ അവഗണിക്കുന്നുവെന്നും കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രി സമരം ചെയ്യുന്നില്ലെന്നതും അടക്കമുള്ള വിമർശനങ്ങളാണ് ഉയർന്നത്.

പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായി യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അംഗങ്ങൾ വിമർശനം ഉന്നയിച്ചു. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നാണ് പ്രധാന വിമർശനം.

സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണ്. മുന്മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ലെന്നും ചോദ്യമുയർന്നു.

സഹകരണ ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടതെന്നും, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

നേരത്തെ പുതുപ്പള്ളി തെരഞ്ഞെടുപ്പു പ്രചരണത്തിൽ സിപിഐ സിപിഎമ്മിനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. 'യുഡിഎഫ് പ്രചാരണം ഏറെ മുന്നിലായിരുന്നു. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകരും നേതാക്കളുമെത്തി. മുതിർന്ന നേതാക്കൾ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണം നടത്തി. ഭവന സന്ദർശനങ്ങളും കുടുംബയോഗങ്ങളും കൃത്യമായി നടത്തി. യുഡിഎഫിന് പുതുപ്പള്ളി തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നതകളോ കാര്യമായി ഉണ്ടായിട്ടില്ല''

''എൽഡിഎഫ് പ്രവർത്തകർ പുറത്തു നിന്നും കാര്യമായി എത്തിയില്ല. പ്രചാരണത്തിൽ പല പഞ്ചായത്തുകളിലും വീഴ്ചയുണ്ടായി. പഞ്ചായത്തു തലങ്ങളിൽ കൃത്യമായ ഏകോപനമുണ്ടായില്ല. കുടുംബയോഗങ്ങളും ഭവനസന്ദർശനങ്ങളും കാര്യമായി നടന്നില്ല. തോൽവി മുൻപേ ഉറപ്പിച്ചതു പോലെയായിരുന്നു പ്രചരണം'' എന്നും സിപിഐ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാത്തതിന്റെപേരിൽ ഇടതുമുന്നണി എംഎ‍ൽഎ.മാരുടെ യോഗത്തിൽ ഗണേശ്‌കുമാർ വിമർശനം ഉന്നയിച്ചപ്പോൾ സിപിഐ എംഎൽഎമാർ കയ്യടത്തു പിന്തുയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മന്ത്രിമാരുടെ പേരെടുത്തു പറഞ്ഞായിരുന്നു വകുപ്പുകൾ പോരെന്ന വിമർശനം ഗണേശ് ഉന്നയിച്ചത്.

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. മന്ത്രി നല്ലവനാണെങ്കിലും വിദ്യാഭ്യാസ വകുപ്പിൽ ഒന്നും നടക്കുന്നില്ല. പൊതുമരാമത്തു വകുപ്പിന്റെ റോഡിലൂടെ നടക്കാൻപറ്റുന്നില്ല. പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ നിർമ്മാണമോ നിർവഹണമോ നടക്കുന്നില്ല. എംഎ‍ൽഎ.മാർക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവുന്നില്ലെന്നും ഗണേശ്‌കുമാർ തുറന്നടിച്ചിരുന്നു.