- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ സമ്മതം അറിയിച്ചു പന്ന്യൻ, തിരുവനന്തപുരത്ത് തരൂരിനെതിരെ മത്സരിക്കും
തിരുവനന്തപുരം: സിപിഐ ലോക്സഭാ സ്ഥാനാർത്ഥിപട്ടികയിൽ അന്തിമ ധാരണയിൽ എത്തിയതോടെ എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു മുഴം മുമ്പേ ഒരുങ്ങി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും വയനാട്ടിൽ ആനി രാജയും തൃശൂരിൽ വി എസ് സുനിൽകുമാറും മാവേലിക്കരയിൽ സിഎ അരുൺകുമാറും സ്ഥാനാർത്ഥികളാകും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാർത്ഥികൾ സംബന്ധിച്ച തീരുമാനമായത്. 26ാം തീയിതി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിർദ്ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി.ആർ. അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യൻ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാൽ മതി എന്നതിന്റെ അടിസ്ഥാനത്തിലാണ് പന്ന്യനെ വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ തീരുമാനമായത്. മുൻപ് എംപിയായിരുന്നതു കൊണ്ട് മണ്ഡലത്തിലുള്ള ബന്ധങ്ങൾ ഗുണകരമാകുമെന്നാണ് സിപിഐ അക്കു കൂട്ടിയിരിക്കുന്നത്.
മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും സമ്മർദത്തിനൊടുവിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാമെന്ന് പന്ന്യൻ സമ്മതം അറിയിക്കുകയായിരുന്നു. അതേസമയം തൃശ്ശൂരിൽ വി എസ് സുനിൽകുമാർ തന്നെയാണ് സ്ഥാനാർത്ഥി. ഇവിടെ വിജയപ്രതീക്ഷയോടെയാണ് സുനിൽകുമാർ മത്സര രംഗത്ത് ഇറങ്ങുന്നത്. കോൺഗ്രസിനായി സിറ്റിങ് എംപി ടിഎൻ പ്രതാപനും ബിജെപിക്കായി സുരേഷ് ഗോപിയുമാണ് മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇതോട ശക്തമായ ത്രികോണ പോരാട്ടമാകും മണ്ഡലത്തിൽ ഉണ്ടാകുക.
വയനാട്ടിൽ സിറ്റിങ് എംപി രാഹുൽ ഗാന്ധിയാകും ആനി രാജയുടെ എതിരാളി. സിപിഐ സ്ഥാനാർത്ഥി പട്ടികയിലെ എക വനിതയാണ് ആനി രാജ. ദേശീയ നേതാവിനെ നേരിടാൻ മറ്റൊരു ദേശീയ നേതാവിനെ തന്നെയാണ് സിപിഐ കളത്തിൽ ഇറക്കുന്നത്. ആനി രാജ കേരളത്തിൽ മത്സരിക്കാൻ ഇറങ്ങുന്നത് ഇത് ആദ്യമായാണ്. എഐവൈഎഫ് നേതവായി അരുൺകുമാറിന് മാവേലിക്കരയിൽ കന്നിയങ്കമാണ്. സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷാകും കോൺഗ്രസ് സ്ഥാനാർത്ഥി.
സിപിഎം സ്ഥാനാർത്ഥി പട്ടികയിലും കഴിഞ്ഞ ദിവസം തീരുമാനമാിരുന്നു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, വടകരയിൽ കെ.കെ. ശൈലജ,ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈൻ, ഇടുക്കിയിൽ ജോയ്സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
കണ്ണൂർ- എം വി ജയരാജൻ, കാസർകോട് -എം വി ബാലകൃഷ്ണൻ, മലപ്പുറം -ഡിവൈഎഫ്ഐ നേതാവ് വി. വസീഫ്, പാലക്കാട് - എ. വിജയരാഘവൻ, ആലത്തൂർ - കെ. രാധാകൃഷ്ണൻ എന്നിവരുമാണ് സ്ഥാനാർത്ഥികൾ. പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകൾ. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. 27ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരളാ കോൺഗ്രസ് മാണി വിഭാഗം മത്സരിക്കുന്ന കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. ഇവിടെ ഫ്രാൻസിസ് ജോർജ്ജ് സ്ഥാനാർത്ഥിയാകും.