- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട സിപിഐയിലെ വടംവലിയിൽ എ പി ജയൻ പക്ഷത്തിന് വിജയം
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആനിക്കാട് ഡിവിഷനിൽ നിന്നുള്ള സിപിഐ പ്രതിനിധി രാജി പി. രാജപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മ പ്രസിഡന്റാകുമെന്നായിരുന്നു ഏവരും കണക്കു കൂട്ടിയിരിക്കുന്നത്. എന്നാൽ, സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരേ ആരോപണമുന്നയിച്ച് പാർട്ടിയിൽ തരംതാഴ്‌ത്തുന്നതിന് കാരണക്കാരിയായ ശ്രീനാദേവിയെ ജയൻ പക്ഷം വെട്ടുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വീതം വച്ചിരുന്നു. അതനുസരിച്ച് ആദ്യ മൂന്നു വർഷം സിപിഎമ്മിലെ ഓമല്ലൂർ ശങ്കരൻ ആയിരുന്നു പ്രസിഡന്റ്. തുടർന്നുള്ള ഓരോ വർഷം വീതം സിപിഐക്കും കേരളാ കോൺഗ്രസ് എമ്മിനും നൽകും. ധാരണയനുസരിച്ച് കഴിഞ്ഞ മാസം ഓമല്ലൂർ ശങ്കരൻ രാജി വച്ചു. അടുത്ത ഊഴം സിപിഐക്കാണ്. രാജി പി. രാജപ്പൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിങ്ങനെ രണ്ട് അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇതിൽ രാജി ആദ്യ ഒരു വർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഇക്കാരണത്താൽ പ്രസിഡന്റ് സ്ഥാനം ശ്രീനാദേവിക്ക് എന്ന് ഉറപ്പിച്ചതാണ്്.
എന്നാൽ, സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പിജയനെതിരേ അനധികൃത സ്വത്തുസമ്പാദനം അടക്കം ഉയർത്തിക്കാട്ടി ശ്രീനാദേവി പരാതി നൽകി. സിപിഐ സംസ്ഥാന കമ്മറ്റിയിൽ പ്രബലമായിരുന്ന കാനം പക്ഷം നിയോഗിച്ച അന്വേഷണ കമ്മിഷൻ ജയൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കാനം മരിക്കുന്നതിന് തൊട്ടുമുൻപ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തുകയും ചെയ്തു. തന്റെ പതനത്തിന് കാരണക്കാരിയായ ശ്രീനാദേവിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കുന്നതിന് വേണ്ടി ജയൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി.
പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വേണ്ടി ചൊവ്വാഴ്ച ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷമുള്ള ജയൻ പക്ഷം രാജി പി. രാജപ്പനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ സംസ്ഥാന കമ്മറ്റിയെ ഏൽപ്പിച്ച് ജില്ലാ കൗൺസിൽ യോഗം പിരിഞ്ഞു. സംസ്ഥാന കമ്മറ്റി എടുത്ത തീരുമാനവുമായി സെക്രട്ടറി ബിനോയ് വിശ്വം, എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചേർന്ന ജില്ലാ കൗൺസിൽ യോഗം രാജി പി. രാജപ്പനെ പ്രസിഡന്റാക്കാൻ തീരുമാനം എടുത്തു.
ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫിലെ നാലംഗങ്ങളും വിട്ടു നിന്നു. സി. പി. എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരനാണ് പേര് നിർദ്ദേശിച്ചത്. കേരളകോൺഗ്രസ് എം അംഗം ജോർജ് എബ്രഹാം പിന്താങ്ങി. എ. ഡി .എം സുരേഷ് ബാബുവായിരുന്നു വരണാധികാരി. വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് രാജി പി രാജപ്പൻ ചുമതലയേറ്റേു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അഡ്വ. ഓമല്ലൂർ ശങ്കരൻ, ശ്രീനാദേവി കുഞ്ഞമ്മ, ജോർജ് എബ്രഹാം, സാറാതോമസ്, ആർ. അജയകുമാർ, വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, പി. ആർ. ഗോപിനാഥൻ തുടങ്ങിയവർസംസാരിച്ചു.
ആനിക്കാട് പട്ടികജാതി സംവരണ ഡിവിഷനിൽ നിന്നുമാണ് രാജി പി. രാജപ്പൻ വിജയിച്ചത്. പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്നും വിജയിച്ച് ജനറൽ വിഭാഗത്തിൽ പ്രസിഡന്റാകുന്ന അംഗവുമെന്ന പ്രേത്യകതകൂടിയുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ സി. പി. ഐക്ക് ആദ്യമായാണ് പ്രസിഡന്റ് പദവി ലഭിക്കുന്നത്. എൽ.ഡി. എഫ് 12,യു. ഡി. എഫ് 4 എന്നിങ്ങനെയാണ് ജില്ലാ പഞ്ചായത്തിലെ കക്ഷി നില. എൽ. ഡി. എഫിൽ സി. പി. എം 7, സി .പി.ഐ 2, കേരളകോൺഗ്രസ് 2,ജനതാദൾ (എസ്) 1 .