തിരുവനന്തപുരം: തൃശ്ശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ സിപിഎം-ബിജെപി ധാരണ ഉണ്ടായിരുന്നു എന്ന ആരോപണം നേരത്തെ തന്ന കോൺഗ്രസ് ഉന്നയിച്ചു വരുന്നതാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഈ സംശയം കൂടുതൽ ബലപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. വോട്ടുചേർച്ച യുഡിഎഫ് ക്യാമ്പിൽ നിന്നാണ് കൂടുതൽ എങ്കിലും ഇടതു കേഡർ വോട്ടുകൾ പോൾ ചെയ്യാതെ പോയതും ചില ശക്തികേന്ദ്രങ്ങളിലെ ചോർച്ചയും യുഡിഎഫ് ആരോപണത്തിന് കരുത്തു പകരുന്നതാണ്. ഇഡി കേസുകൾ ചൂണ്ടിക്കാട്ടി പിണറായി വിജയനെയും സിപിഎമ്മിനെയും വരുതിയിലാക്കാൻ ബിജെപിക്കും സാധിച്ചുവെന്നാണ് ആക്ഷേപം.

തൃശ്ശൂരിൽ പ്രതീക്ഷിച്ച വോട്ടുപോലും കിട്ടാതെ ഇടതുമുന്നണിസ്ഥാനാർത്ഥി വി എസ്. സുനിൽകുമാർ തോറ്റതിൽ സംശയം പ്രകടിപ്പിച്ച് സംയുക്താന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഐ. രംഗത്തു വന്നു. ഇതുസംബന്ധിച്ച് ജനറൽ സെക്രട്ടറി ഡി. രാജ സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. വോട്ടെടുപ്പുഫലം വന്നയുടൻ സിപിഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിലെത്തി ദേശീയനേതാക്കളെ കണ്ടിരുന്നു. പുതുതായി ചേർച്ച വോട്ടുകളിൽ സിപിഎം കേഡർ വോട്ടുകൾ അടക്കം ധാരാളമുണ്ടായിരുന്നു. എ്ന്നാൽ, ഇതൊന്നും പോൾ ചെയ്യാത്തതും സിപിഎം ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ചയും സംഘടിതമാണെന്നാണ കരുതുന്നത്.

പരാജയത്തിലേക്കു നയിച്ച സാഹചര്യവും സംഘടനാപരമായ വീഴ്ചകളും സംയുക്തമായി അന്വേഷിക്കണമെന്നാണ് സിപിഐ ഉന്നയിക്കുന്നആവശ്യം. ഇക്കാര്യത്തിൽ സിപിഎം. നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ബിജെപി.യുടെ മികച്ച സ്ഥാനാർത്ഥികളാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രശംസിച്ചതും വോട്ടെടുപ്പുദിനത്തിൽ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തുറന്നുസമ്മതിച്ചതുമൊക്കെ തോൽവിയുടെ ആക്കംകൂട്ടിയെന്നാണ് സിപിഐ.യുടെ ആരോപണം. വർഷങ്ങളായി തൃശ്ശൂരിൽ തട്ടകമാക്കി ഇപിയുടെ നീക്കങ്ങളെ സംശയത്തോടെയാണ് സിപിഐ കണ്ടത്. ബിജെപി.ക്ക് വോട്ടുചെയ്യാനുള്ള പ്രചോദനമായിരുന്നു പ്രസ്താവനകളെന്നാണ് വിമർശനം.

ഒത്തുകളിയെക്കുറിച്ച് തുടക്കംമുതലേ ആക്ഷേപമുള്ളതിനാൽ, പ്രശ്‌നത്തിൽ സിപിഎമ്മിന്റെ സംഘടനാ പരിശോധനമാത്രം പോരെന്ന നിലപാടിലാണ് സിപിഐ. സുരേഷ് ഗോപി വർഷങ്ങൾക്ക് മുമ്പ് തന്നെ മണ്ഡലത്തിലെ വിഷയങ്ങളിൽ ഇടപെട്ടു പ്രവർത്തിച്ചു തുടങ്ങിയപ്പോൾ വേണ്ടത്ര ഗൗരവത്തിൽ എടുക്കാതിരുന്നത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് ബിജെപി. മുതലെടുത്തു. ഇ.ഡി. അന്വേഷണം ഉൾപ്പെടെ വന്നപ്പോൾ പാർട്ടിതലത്തിൽ കർശനമായ നടപടിയോ തിരുത്തലോ ഉണ്ടായില്ല. പ്രചാരണവിഷയമായപ്പോൾ കരുവന്നൂർ ഒരു പ്രശ്‌നമല്ലെന്നു വരുത്തിത്തീർക്കാനും പ്രചരിപ്പിക്കാനുമായിരുന്നു സിപിഎം. ശ്രമം. സുരേഷ്‌ഗോപി പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി രംഗത്തുവന്നതെല്ലാം നേട്ടമായി മാറി. എന്നിട്ടും സിപിഎം കുറ്റക്കാരെ സംരക്ഷിക്കാൻ കൂടെ നിൽകുകയായിരുന്നു എന്നാണ് മറ്റൊരു വിർശനം.

വൻ തിരിച്ചടിയായത് തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഇവിടെ പ്രശ്‌നം വഷളാക്കിയ പൊലീസിനെയും ഉദ്യോഗസ്ഥരെയും തക്കസമയത്ത് നിയന്ത്രിച്ചില്ല. ഇങ്ങനെ, ജനങ്ങൾക്കിടയിൽ വൈകാരികമായ എതിർപ്പിനു വഴിയൊരുക്കിയെന്നും സിപിഐ കണക്കുകൂട്ടുന്നു. ബിജെപി.ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ നേതാക്കളുടെ ബോധപൂർവമായ നിസ്സംഗതയോ സംഘടനാവീഴ്ചയോ കാരണമായിട്ടുണ്ടോയെന്നു കണ്ടെത്തണമെന്നും സിപഐ ആവശ്യപ്പെടുന്നു.

തൃശൂർ ജില്ലയിലെ തൃശൂർ, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശൂർ ലോക്‌സഭാ മണ്ഡലം. തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ഗുരുവായൂർ ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് ലീഡ്. ഗുരുവായൂരിൽ ബിജെപി മൂന്നാമത്.

സുരേഷ് ഗോപിയുടെ മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷം

തൃശ്ശൂർ - 14,117
നാട്ടിക - 13,945
ഇരിഞ്ഞാലക്കുട - 13,016
പുതുക്കാട് - 12,692
ഒല്ലൂർ - 10,363
മണലൂർ -8013

ഗുരുവായൂരിലും മണലൂരിലും ഒല്ലൂരിലും നാട്ടികയിലും പുതുക്കാടും എൽഡിഎഫ് രണ്ടാംസ്ഥാനത്തായപ്പോൾ യുഡിഎഫ് ഗുരുവായൂരിൽ ഒന്നാമതത്തെത്തി.