കോഴിക്കോട്: ഈ പാർട്ടിയെ കുറിഞ്ഞ് നിങ്ങൾക്കൊരു ചുക്കുമറിയില്ല...! ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിഭാഗീയതാ കാലത്ത മാധ്യമങ്ങളെ വിമർശിച്ചു കൊണ്ട് പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു. സിപിഎമ്മിലെ ഉള്ളുകളികൾ ആർക്കുമറിയില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞു വെച്ചത്. ഇത് പിന്നീട് പലതവണ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഈക്കാര്യം ശരിവെക്കുന്ന വിധത്തിലാണ് എം ടി ഉയർത്തിയ നേതൃപൂജാ വിവാദത്തിലും നടക്കുന്ന കാര്യങ്ങൾ.

കോഴിക്കോട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം ടി. വാസുദേവൻ നായർ നടത്തിയ വിമർശനത്തെക്കുറിച്ച് സിപിഎമ്മിൽ രഹസ്യാന്വേഷണം തന്നെ നടന്നു. പൊലീസ് സ്പെഷൽ ബ്രാഞ്ചിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വാർത്ത. എംടിയുടെ വിമർശനം വന്നതോടെ കാപ്‌സ്യൂൾ ഇറക്കിയത് പിണറായിയെ കുറിച്ചല്ലെന്നായിരുന്നു. പാർട്ടി കമ്മറ്റി കൂടിയപ്പോൾ തീരുമാനിച്ചത് പുതുമയില്ലാത്ത ആരോപണമെന്നം പ്രതികരിക്കേണ്ടെന്നും. ഇതിനെല്ലാം ശേഷമാണ് എം ടിയുടെ ആരോപണം പിണറായിയെ തന്നെ ലക്ഷ്യവച്ചാണെന്നും അതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നും രഹസ്യാന്വേഷണവും നടത്തിയത് എന്നതാണ് ശ്രദ്ധേയം. ആ നില നോക്കുമ്പോൾ സിപിഎം സഞ്ചരിക്കുന്ന വഴികളെ കുറിച്ച് ആർക്കുമൊരു ചുക്കുമറിയില്ല എന്നു തന്നെ പറയേണ്ടി വരും..!

പ്രസംഗ വിവാദത്തിന് പിന്നിൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരിൽ ചിലരുടെ പങ്കുണ്ടെന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിച്ചത്. ഇഎംഎസ് സമാരാദ്ധ്യനായത് എങ്ങനെയെന്ന് വിവരിച്ച് ആചാരോപചാരമായ നേതൃത്വപൂജകളിലൊന്നും അദ്ദേഹത്തെ കണ്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടിയുടെ പ്രസംഗം. ഇത് വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചിലരാണെന്നായിരുന്നു പാർട്ടിക്കുള്ളിൽ വിമർശനം. പിണറായി വിജയനെ പ്രകീർത്തിച്ച് തിരുവാതിരകളിയും സംഗീത ആൽബവുമൊക്കെ ഇറങ്ങിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം ഉയർന്നത്.

ആഭ്യന്തര വകുപ്പാണ് ഈ വിഷയത്തിൽ അന്വേഷണം നടന്നത്. പ്രസംഗത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായാണു സൂചന. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്‌പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദ്ദേശം നൽകിയത്.

ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു. റിപ്പോർട്ട് എഡിജിപി തലത്തിൽ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എംടി പ്രസംഗിച്ചത്.

എഴുതിത്ത്തയാറാക്കിയ പ്രസംഗം സർക്കാരിനെതിരായി സംഘാടകരിൽ ആരെങ്കിലും തയാറാക്കിയതാണോ എന്നുകൂടി ചില കേന്ദ്രങ്ങളിൽ നിന്നു സംശയം ഉയർന്ന സാഹചര്യത്തിലായിരുന്നു അന്വേഷണം. കോഴിക്കോട് സിപിഎമ്മിലെ വിഭാഗീയതും ഈ വിഷയത്തിൽ ഒരു വിഭാഗം സംശയിച്ചിരുന്നു. എംടിയുടെ പ്രസംഗം 2003 ൽ എംടി എഴുതിയ ലേഖനത്തിലുള്ള വരികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എതിരാണെന്ന വ്യാഖ്യാനം തെറ്റെന്നുമായിരുന്നു സിപിഎം വിശദീകരിച്ചത്. എംടിയുടെ വിമർശനത്തിൽ സിപിഎമ്മിൽ തിരുത്താനുണ്ടെങ്കിൽ തയാറാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.