- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് നിർണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഇടതു അണികൾക്കിടയിലും അമർഷം ശക്തമാണ്. ഇവരിൽ പലരും സിപിഎമ്മിനെ എങ്ങനെ നന്നാക്കിയെടുക്കാം എന്ന ചർച്ചകളും നടത്തുന്നുണ്ട്. ചിലർ നെടുനീളൻ ലേഖനങ്ങൾ സൈബറിടത്തിൽ എഴുതിയിട്ടുണ്ട്. എല്ലാത്തിലും സിപിഎമ്മിനെ രക്ഷിക്കനുള്ള വഴികളാണ് പറയുന്നത്. എന്നാൽ, സിപിഎം നേതാക്കൾ പറയുന്നത് അങ്ങനെയിപ്പോൾ ഞങ്ങളെ ആരും നന്നാക്കേണ്ടതില്ലെന്നാണ്. തൃശ്ശൂരിലെ തോൽവിയിൽ അടക്കം വിമർശനം ഉയരുമ്പോഴാണ് പാർട്ടിയുടെ ഈ നിലപാട്.
സർക്കാരിനെതിരെ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ല. മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്‌സിസ്റ്റ് വിരുദ്ധരാണെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. സിപിഐഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ല, വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ല. ഇഎംഎസിനെയും വി എസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും ഇപി പറഞ്ഞു.
തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി ഡീൽ ഉണ്ടായെന്നാണ് ഇ പി ജയരാജൻ ആരോപിക്കുന്നത്. കെ മുരളീധരന്റെ ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയി. എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ല. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ് എന്നും ഇ പി ജയരാജൻ പ്രതികരിക്കുന്നു. പ്രകാശ് ജാവ്‌ദേക്കറെ കണ്ടു എന്ന തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായിട്ടില്ല. തന്റെ വെളിപ്പെടുത്തൽ സ്വാധീനമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മഹാനല്ല താൻ. ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചത്.
രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും. പ്രശ്‌നം ഇതുവരെ മുന്നണിയിൽ ചർച്ച ആയിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കും. എല്ലാവരും തീരുമാനം അംഗീകരിക്കുകയും ചെയ്യും. കേരള കോൺഗ്രസ് (എം)ന്റെ ഭാവി എൽഡിഎഫിൽ സുരക്ഷിതമാണ്. വലിയ അപമാനം നേരിട്ടതിനു ശേഷമാണ് കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ല കേരള കോൺഗ്രസ് എം. യുഡിഎഫ് ഇപ്പോൾ ദുർബലമാണ്. കേരള കോൺഗ്രസ് എമ്മിനെ മടക്കിക്കൊണ്ടു പോകണം എന്ന ചർച്ച ഇതിന്റെ ഭാഗമാണ്.
ഇപ്പോൾ മത്സരിച്ചാലും ഇടതുമുന്നണിക്ക് 100 നിയമസഭ സീറ്റ് ഉറപ്പാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. അത് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എൽഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. ലോക്‌സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചർച്ചയുണ്ടാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ ഈ മാസം 16 മുതൽ അഞ്ചുദിവസത്തേക്ക് സിപിഐഎം സംസ്ഥാന നേതൃയോഗം വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാകും. 2019ലെ യുഡിഎഫ് അനുകൂല തരംഗം ഇത്തവണയും ആവർത്തിച്ചു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. പരമ്പരാഗത സിപിഐഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതും പാർട്ടി ചർച്ച ചെയ്യും.
എൽഡിഎഫിലെ രാജ്യസഭാ സീറ്റ് തർക്കമാണ് ഇപ്പോൾ സിപിഐഎമ്മിന് മുന്നിലെ പ്രധാന പ്രതിസന്ധി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സിപിഐ, കേരള കോൺഗ്രസ്(എം), ആർ.ജെ.ഡി, എൻ സി പി പാർട്ടികൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. വിജയിക്കാവുന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐഎം ഏറ്റെടുക്കും. രണ്ടാമത്തേത് സിപിഐക്ക് നൽകുന്നതാണ് പരിഗണനയിലുള്ളത്. കേരളാ കോൺഗ്രസ് എമ്മിന് മറ്റേതെങ്കിലും പദവി നൽകി അനുനയിപ്പിക്കാനാണ് ശ്രമം. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.
ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് വിജയിച്ചതിനാൽ സംസ്ഥാന മന്ത്രിസഭയിൽ ഒഴിവു വരും. പുതിയ മന്ത്രിയെ തീരുമാനിക്കണോ, വകുപ്പുകൾ തൽക്കാലം മറ്റാർക്കെങ്കിലും കൈമാറണോ എന്നതും യോഗത്തിൽ ചർച്ചയാകും. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിനെ മന്ത്രിയാക്കാനാണ് പാർട്ടിയിലെ ആലോചന. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ചർച്ചകൾക്കൊപ്പം സുപ്രധാന പാർട്ടി തീരുമാനങ്ങൾക്കും ഇന്ന് സാധ്യതയുണ്ട്.