- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെറിലിന്റെ വീട്ടിൽ നേതാക്കൾ പോയതിൽ 'ജാഗ്രതക്കുറവെന്ന്' വിശദീകരിച്ചു സിപിഎം
കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടാ സ്‌ഫോടനത്തിൽ മരിച്ച ഷെറിലിന്റെ വീട്ടിൽ സിപിഎം നേതാക്കൾ സന്ദർശിച്ചത് അടക്കം വിവാദമായതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പു കാലം ആയതിനാൽ നേതാക്കളുടെ വാക്കുകൾ ജനങ്ങൾക്കിടയിൽ ഏശില്ലെന്ന ബോധ്യമായതോടെ വിഷയത്തിൽ നിന്നും എങ്ങനെയെങ്കിലും തലയൂരാനാണ് സിപിഎം ശ്രമം.
കൊല്ലപ്പെട്ട ഷെറിലിന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തിയതിൽ ജാഗ്രത കുറവുണ്ടായെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്റെ വീട്ടിലെത്തിയത്. ഷെറിലിന്റെ സംസ്‌കാരച്ചടങ്ങിൽ കെപി മോഹനൻ എംഎൽഎയും പങ്കെടുത്തിരുന്നു.
ഇതോടെ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം വിശദീകരിച്ചതെല്ലാം വെറുതേയായി. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങൾ സംഭവിച്ചാൽ സന്ദർശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ നേരത്തെ വ്യക്തമാക്കിയത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണം. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നും പി ജയരാജൻ പറഞ്ഞു.
എന്നാൽ ജയരാജന്റെ വിശദീകരണം ഒന്നും തെരഞ്ഞെടുപ്പു വേളയിൽ ഏശില്ലെന്നാണ് നേതാക്കൾക്ക് ബോധ്യമായിരിക്കുന്നത്. അതോടെയാണ് പ്രാദേശിക നേതാക്കളുടെ ജാഗ്രത കുറവായി വിഷയം വിശദീകരിക്കുന്നത്. ബോംബ് നിർമ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെയോടെ പാനൂർ കുന്നോത്ത് പറമ്പിൽ സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഇതിനിടെ, പാനൂരിലെ ബോംബ് നിർമ്മാണത്തിന്റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി പി എം നേതാക്കളുടെ സന്ദർശനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദർശനമെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് മുക്കത്ത് പറഞ്ഞു.
പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ യുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരെയും തള്ളി പറയുന്ന നേതൃത്വത്തിന്റെ നടപടിയിൽ അണികൾക്കിടെയിൽ അതൃപ്തി പടരുന്ന അവസ്ഥ ഉണ്ടായിരുനന്നു. ഇതു ശമിപ്പിക്കുന്നതിനാണ്പാർട്ടിക്കായി ബോംബു നിർമ്മിക്കുന്നതിനിടെ കൊല്ലപെട്ട മൂളിയത്തോട് ഷെറിലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാറും കെ.പി. മോഹനനും അന്തിമോപചാരമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ഷെറിലിനുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള പ്രതികരിച്ചിരുന്നു. ഇതിനു ശേഷമാണ് ഏരിയാ കമ്മിറ്റിയംഗം തന്നെ മരിച്ചയാളുടെ വീട് സന്ദർശിച്ചത്.
മുളിയാതോടിൽ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെയും വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി കെകെ ശൈലജ ടീച്ചറെയും അപമാനിക്കുന്ന വിധത്തിൽ കുപ്രചരണം നടത്തുന്നുവെന്നു ആരോപിച്ചു സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ രംഗത്തെത്തി. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ശൈലജ ടീച്ചറെ വ്യക്തിഹത്യ നടത്തുന്നതെന്ന് പാനൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി ജയരാജൻ ആരോപിച്ചു.
സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്. വർഷങ്ങൾക്ക് മുൻപെടുത്ത ഫോട്ടോകൾ ദുരുപയോഗം ചെയ്താണ് നുണപ്രചരണം. ബോംബ് സ്‌ഫോടനത്തെ സിപിഎം ശക്തമായി അപലപിച്ചതാണ്.സ്‌ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ലെന്നും പി.ജയരാജൻ പറഞ്ഞിരുന്നു.