- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബറിടത്തിൽ കൂടുതൽ സ്വീകാര്യത പാർട്ടി വിരുദ്ധ പോസ്റ്റുകൾക്ക്

സിപിഎം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്താണ് ഏറ്റവും അധികം സൈബർ പോരുകൾ നടക്കുന്നത്. മിക്ക രാഷ്ട്രീയ പാർട്ടികളും സൈബറിടങ്ങളെ സജീവമായി നിർത്തുന്ന സമയമാണ്. സിപിഎം ആയാലും കോൺഗ്രസ് ആയാലും ബിജെപി ആയാലും സൈബറിടത്തിൽ സജീവമായിരിക്കയാണ്. പാർട്ടി വിരുദ്ധ പോസ്റ്റുകൾക്ക് കൂടുതൽ ലൈക്കുകൾ കിട്ടുന്ന പശ്ചാത്തലത്തിൽ അതിനെ മറികടക്കാനുള്ള ആലോചനയിലാണ് സിപിഎം.
സാമൂഹിക മാധ്യമ പോസ്റ്റുകളും ട്രോളുകളും ആദ്യ മൂന്നുമിനിറ്റിൽത്തന്നെ താഴെത്തട്ടിൽ എത്തിക്കണമെന്ന് വർഗബഹുജന സംഘടനകളുടെ 'സൈബർ ആർമി'യോട് സിപിഎം നിർദ്ദേശിച്ചിരിക്കയാണ്. ആദ്യ മൂന്നു മിനിറ്റിൽ പ്രചരിപ്പിക്കാൻ ഓരോ സംഘടനയ്ക്കും ടാർജറ്റ് നൽകിയിട്ടുണ്ട്. ഇതിനായി ഓരോ സംഘടനയുടെയും സൈബർ ആർമിക്ക് എ.കെ.ജി. സെന്ററിൽവെച്ച് സാങ്കേതിക വിദഗ്ധരുടെ ക്ലാസ് നൽകിയിട്ടുണ്ട്.
പാർട്ടി അംഗങ്ങളും അനുഭാവികളും യാത്രാവേളകളിലടക്കം സ്മാർട്ട് ഫോൺ തുറന്നുവെച്ച് ജാഗരൂകരാകണമെന്നും ആദ്യ മിനിറ്റിൽത്തന്നെ ലൈക്കും ഷെയറും കമന്റും ചൊരിയണമെന്നുമാണ് നിർദ്ദേശം. പാർട്ടിയുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിൽ വരുന്ന പോസ്റ്റുകളും ട്രോളുകളുമാണ് മൂന്നു മിനിറ്റിൽ പ്രചരിപ്പിക്കേണ്ടത്.
പാർട്ടിവിരുദ്ധ പോസ്റ്റുകൾ അതിവിദഗ്ധമായി കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്. പാർട്ടിവിരുദ്ധ പോസ്റ്റുകൾക്ക്, ചുമതലപ്പെടുത്തുന്നവർ കൃത്യമായ മറുപടി കമന്റ് ബോക്സിൽ നൽകും. ഇത്തരം കമന്റുകൾ ലൈക്കുകൊണ്ട് മൂടുകയാണ് സൈബർ ആർമിയുടെ ചുമതല. പാർട്ടിവിരുദ്ധ പോസ്റ്റിനെക്കാൾ ലൈക്ക് പാർട്ടിയുടെ കമന്റിനു കിട്ടണം. അങ്ങനെയാകുമ്പോൾ പോസ്റ്റിന്റെ പ്രസക്തിതന്നെ ഇല്ലാതാകും.
താഴേത്തട്ടിൽവരെ സ്റ്റുഡിയോ സംവിധാനമടക്കം ക്രമീകരിച്ച് വിപുലമായ സാമൂഹികമാധ്യമ പ്രചാരണമാണ് ഇത്തവണ സിപിഎം. നടത്തുന്നത്. വർഗബഹുജന സംഘടനകളുടെ വിവിധ ഘടകങ്ങൾ തയ്യാറാക്കുന്ന പോസ്റ്ററുകളും ചെറുവീഡിയോകളും പരസ്പരം കൈമാറി ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രാരംഭമായി സിപി.എം. 60 ചെറുവീഡിയോകളാണ് തയ്യാറാക്കുന്നത്.

