തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കു വഴിവച്ച ഇ.പി. ജയരാജൻ പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച തിരുവനന്തപുരത്തു നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ചർച്ചയായി. പാർട്ടിയെ പ്രതിരോധത്തിലേക്കു തള്ളിവിട്ട ഈ വിഷയത്തിൽ തന്റെ നിലപാട് ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ചു. ഘടകകക്ഷികൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തിയ വിവാദത്തിൽ സിപിഎമ്മിന്റെ നിലപാട് ഇന്നു വൈകിട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 12 സീറ്റ് വരെ ജയിക്കാമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും വിലയിരുത്തലുണ്ട്. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, തൃശൂർ, ആലത്തൂർ, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. ബൂത്തുതലത്തിലുള്ള പാർട്ടി കണക്കുകൾ പരിശോധിച്ചാണിത്.

വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗം പങ്കുവച്ചു. ബിജെപി വോട്ട് കോൺഗ്രസ് പർച്ചേസ് ചെയ്‌തെന്നാണ് ആശങ്ക. പ്രതികൂല സാഹചര്യം മറികടന്നും എൽഡിഎഫ് സ്ഥാനർത്ഥി കെ കെ ശൈലജ വടകരയിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേർന്നത്.

സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഒന്നും മിണ്ടാതെയാണ് ഇ പി ജയരാജൻ മടങ്ങിയത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്‌ച്ച യോഗത്തിൽ ചർച്ചയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. മറിച്ച് കാറിൽ കയറി മാധ്യമങ്ങൾക്ക് മുന്നിൽ കൈകൂപ്പി മടങ്ങുകയായിരുന്നു.

രാവിലെ 10 മണിയോടുകൂടിയാണ് തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയത്. തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട. സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിൽ ആക്കിയ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇ പി ജയരാജന്റെ തുറന്നുപറച്ചിൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാൽ യോഗത്തിന് ശേഷം വിഷയത്തിൽ ഇ പി പ്രതികരിച്ചില്ല.

ഇന്ന് പുലർച്ചെയാണ് സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇ പി ജയരാജൻ വിമാനം കയറിയത്. തിരുവനന്തപുരത്ത് എത്തിയ ഇ പി ജയരാജൻ മാധ്യമങ്ങളെ കണ്ടിരുന്നു. ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ പറയുന്നതുപോലെ ഒരിക്കലും കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ ആസൂത്രി പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങൾ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജൻ ആവർത്തിച്ചു.