- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂരിലെ കൈവിട്ടകളി ഉണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് സിപിഎം; തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ; സഹകരണ സ്ഥാപനങ്ങളിലെ വായ്പയുടെ കണക്ക് വെളിപ്പെടുത്താൻ പാർട്ടി അംഗങ്ങങ്ങൾക്ക് സിപിഎം നിർദ്ദേശം; ശുദ്ധീകരണ വഴി തേടുന്നത് ഇഡി പിടിമുറുക്കിയതോടെ
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സിപിഎമ്മിന് ഉണ്ടാക്കിയ ഡാമേജ് ചെറുതൊന്നുമല്ല. സിപിഎം നയിക്കുന്ന സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് ഇഡി അന്വേഷണം നീണ്ടതും. പാർട്ടിക്ക് വേണ്ടിയും വ്യക്തികൾക്ക് വേണ്ടിയും നേതാക്കൾ തട്ടിപ്പു നടത്തിയെന്ന ആരോപണത്തെ നേരിടാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. കരുവന്നൂരിൽ ചില പുഴുക്കുത്തുകൾ ഉണ്ടായെന്ന് തന്നെയാണ് പാർട്ടി സമ്മതിക്കുന്നതും. ഇങ്ങനെ സമാനമായ തട്ടിപ്പുകളിൽ നിന്നു മാറി നടന്നില്ലെങ്കിൽ പാർട്ടിയുടെ അടിത്തറ പോകുമെന്ന് വിലയിരുത്തിയിരിക്കയാണ് സിപിഎം. അതുകൊണ്ട് തന്നെ സഹകരണ മേഖലയിൽ ശുദ്ധീകരണ വഴി തേടുകയാണ് പാർട്ടി.
കരുവന്നൂർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിലുള്ള വായ്പയുടെ കണക്ക് വെളിപ്പെടുത്താൻ പാർട്ടിയംഗങ്ങളോട് സിപിഎം. സംസ്ഥാനസമിതി നിർദ്ദേശിച്ചു. ഏതെല്ലാം സ്ഥാപനങ്ങളിലാണ് അംഗങ്ങൾക്കും ബന്ധുക്കൾക്കും വായ്പയുള്ളത്, എത്ര രൂപയാണ് വായ്പ, കുടിശ്ശികയുണ്ടോ, വായ്പ എങ്ങനെ തിരിച്ചടയ്ക്കും തുടങ്ങിയ വിവരങ്ങൾ തേടുന്ന രണ്ടു പേജ് ചോദ്യാവലിയാണ് നൽകിയത്. പൂരിപ്പിച്ച് ഉടൻ ജില്ലാ കമ്മിറ്റിക്ക് കൈമാറണം. നൽകുന്ന വിവരങ്ങൾ പാർട്ടി പരിശോധിക്കും. ആദ്യമായാണ് ഇത്തരമൊരു നീക്കം. സഹകരണത്തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനാണ് ശ്രമം.
പാർട്ടിയംഗത്തിന്റെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ, കുടുംബക്കാർ തുടങ്ങിയവർ എത്ര വായ്പയെടുത്തെന്ന വിവരവും നൽകണം. ഓരോ ബന്ധുവിന്റെയും വിവരങ്ങളും വെവ്വേറെ എഴുതണം. കണ്ടല സഹകരണ ബാങ്കിൽ അടക്കം നടന്ന തട്ടിപ്പുകൾ മുന്നണിക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബന്ധുക്കളുടെ വിവരങ്ങളും തേടുന്നത്. ബന്ധുക്കൾ എടുത്ത വായ്പയ്ക്ക് കുടിശ്ശികയുണ്ടോ, ഈട് നൽകിയ വസ്തു, തിരിച്ചടയ്ക്കാനുള്ള വരുമാനം തുടങ്ങിയവയെല്ലാം കൃത്യമായി കാണിക്കണം.
സഹകരണ ബാങ്കുകളിൽ ഭരണസമിതിയംഗങ്ങളാകുന്ന സിപിഎം. അംഗങ്ങളും അവരുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ആ ബാങ്കിൽനിന്ന് വായ്പയെടുക്കരുതെന്ന് 2019 ഫെബ്രുവരി ആറിന് പാർട്ടി നിർദ്ദേശിച്ചിരുന്നു. എന്നാൽ, പാലിക്കപ്പെട്ടില്ല. ഇപ്പോൾ സാമ്പത്തികത്തട്ടിപ്പും ക്രമക്കേടും നടന്ന ബാങ്കുകളിൽ ഭൂരിപക്ഷത്തിലും ഭരണസമിതിയംഗങ്ങൾക്കും ബന്ധുക്കൾക്കും വായ്പയുണ്ട്.
'വായ്പവിവരങ്ങൾ ശേഖരിക്കാനുള്ള ഫോറം' എന്ന തലക്കെട്ടിലാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. പേര്, പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ പേര്, വഹിക്കുന്ന സ്ഥാനം എന്നിവയാണ് ആദ്യം. തുടർന്ന്, സഹകരണസ്ഥാപനത്തിൽ വായ്പ നിലവിലുണ്ടോ? വായ്പനിലവിലുള്ള സ്ഥാപനത്തിന്റെ പേര്, വായ്പത്തുക എടുത്ത തീയതി തുടങ്ങിയ വിവരങ്ങൾ നൽകണം.
ജാമ്യം നൽകിയത് എന്താണെന്നും ഭൂമിയാണെങ്കിൽ എത്ര സെന്റ് ഈടു നൽകിയെന്നും പൂരിപ്പിച്ചു നൽകണം. കൂടാതെ, ഒരു സെന്റ് ഭൂമിയുടെ വിലയെത്ര, വായ്പയുടെ കാലാവധി എത്രവർഷം, എത്രതവണകളാണ് പണം അടക്കേണ്ടത്, കുടിശ്ശികയുണ്ടോ, ഉണ്ടെങ്കിൽ എത്ര തുക, തിരിച്ചടയ്ക്കാനുള്ള വരുമാനം ഏത്?
നേരത്തെ കരുവന്നൂർ വിഷയത്തിൽ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ഇഡി പരിശോധിച്ചിരുന്നു. ഇത് പാർട്ടിക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. കരുവന്നൂരിൽ നടന്നത് 90 കോടിയുടെ കള്ളപ്പണ ഇടപാടാണെന്ന് ഇഡി പറയുന്നത്. 12,000 പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. നവംബർ ആദ്യമാണ് കേസിലെ ആദ്യഘട്ട കുറ്റപത്രം ഇഡി സമർപ്പിക്കുന്നത്. എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി.
അഞ്ച് കമ്പനികളെകുറിച്ചാണ് കുറ്റപത്രത്തിൽ പ്രധാനമായും ഇഡി പറയുന്നത്. ഒന്നാം പ്രതി ബിജോയിയുടെ ഉടസ്ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുമാണ് കുറ്റപത്രത്തിൽ പറയുന്ന അഞ്ച് കമ്പനികൾ. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റൃകൃത്യത്തിൽ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റ് സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. അന്വേഷണത്തിൽ ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
മതിയായ ഈടില്ലാതെയാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വലിയ തുകകൾ വായ്‌പ്പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി പേർ പ്രതിസന്ധിയിലായി. പലരുടെയും വീടുകൾ ലോണെടുക്കാതെ ബാങ്കിൽ ഈട് വെച്ചതിൽ ജപ്തി നോട്ടീസും നൽകിയിരുന്നു.




