- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം നേതാവിന്റെ എസ്ഡിപിഐ ബന്ധത്തിൽ ആലപ്പുഴ സിപിഎമ്മിൽ നടപടി; എസ്.ഡി.പി.ഐ നേതാക്കളുമായി ബന്ധം ആരോപിക്കപ്പെട്ട ചെറിയനാട് ലോക്കൽ സെക്രട്ടറിക്ക് നിർബന്ധിത അവധി; ഷീദ് മുഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ടു രാജിവെച്ചത് 38 പ്രവർത്തകർ
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിനെ കുറച്ചുകാലമായി വിവാദത്തിലാക്കിയത് എസ്ഡിപിഐ നേതാക്കളുമായുള്ള സിപിഎം നേതാക്കളുടെ ബന്ധമായിരുന്നു. ഈ ബന്ധം പുറത്തായതോട പകൽ സിപിഎം, വൈകീട്ട് എസ്ഡിപിഐ ആരോപണം ശക്തമായി ഉയർന്നു. ഇതോടെ ഇത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്കും ഇടയാക്കി. ഇതോടെ ഇപ്പോൾ എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിൽ ആലപ്പുഴ ചെറിയനാട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെിരെ പാർട്ടി നടപടി കൈക്കൊണ്ടു.
സെക്രട്ടറി ഷീദ് മുഹമ്മദിന് നിർബന്ധിത അവധി നൽകി. ഷീദിന് എസ്ഡിപിഐ നേതാവുമായുള്ള ബിസിനസിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധമുണ്ടായിരുന്നു. ഹോട്ടൽ സംരംഭത്തിൽ ഇദ്ദേഹം എസ്ഡിപിഐ നേതാവിന്റെ പങ്കാളിയാണെന്ന് ആക്ഷേപമുയർന്നിരുന്നു. എന്നാൽ തനിക്ക് ബന്ധമില്ലെന്നാണ് ഇദ്ദേഹം പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നത്.
ഷീദിനെതിരെ പാർട്ടി നടപടിയെടുക്കാൻ വൈകിയതിൽ 38 സിപിഎം പ്രവർത്തകർ ചെറിയനാട് ലോക്കൽ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. തുടർന്നാണ് ഷീദ് മുഹമ്മദിന് പകരം കെഎസ് ഗോപിനാഥന് ലോക്കൽ കമ്മിറ്റിയുടെ ചുമതല നൽകിയത്. എസ്ഡിപിഐ നേതാവിന് പങ്കാളിത്തമുള്ള കഫേ ഉദ്ഘാടനം ചെയ്തത് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനായിരുന്നു. സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞായിരുന്നു ഷീദ് അദ്ദേഹത്തെ ക്ഷണിച്ചത്. എന്നാൽ ചടങ്ങിൽ എസ്ഡിപിഐ നേതാക്കളടക്കം പങ്കെടുത്തിരുന്നു.
ഷീദ് മുഹമ്മദ് പകൽ സിപിഐഎം രാത്രി എസ്ഡിപിഐയെന്നാണ് രാജിവച്ചവരുടെ ആരോപണം. ഷീദ് മുഹമ്മദിന്റെ വാർഡിൽ ജയിച്ചത് എസ്ഡിപിഐ ആണ്. ഒത്തുകളിയെന്ന് രാജിവച്ചവർ ആരോപിച്ചിരുന്നു. സിപിഐഎം സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വർഗീയ വിരുദ്ധ സദസ് നടത്താനും ലോക്കൽ സെക്രട്ടറി തയാറായില്ലെന്ന് ആരോപണം അടക്കം ഷീദിനെതിരെ ഉയർന്നിരുന്നു. വർഗീയ വിരുദ്ധ സദസ്സുകളൊന്നും ലോക്കൽ സെക്രട്ടറി നടത്താത്തത് പാർട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തിൽ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനൊപ്പം പോപ്പുലർ ഫണ്ട് നേതാവ് നിൽക്കുന്ന ചിത്രം പുറത്തായതോടെ ആണ് പ്രതിഷേധം കനത്തത്. എബിവിപി പ്രവർത്തകർ വിശാൽ വധക്കേസിലെ രണ്ടാംപ്രതിയാണ് എൽ സി സെക്രട്ടറിയുടെ സുഹൃത്തായ എസ്ഡിപിഐ നേതാവ്. നേരത്തെ ആലപ്പുഴ ജില്ലയിൽ സിപിഎം -പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ വിജയിച്ച പല സീറ്റുകളിലും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നതെന്നാണ് ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചിരുന്നത്.