തിരുവനന്തപുരം: ഇടതുമുന്നണിയിൽ സീറ്റുവിഭജനം പൂർത്തിയാക്കിയതിനാൽ അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥിനിർണയ ചർച്ചകളിലേക്ക് കടക്കാൻ സിപിഎം. ആലോചന. ഓരോ മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇക്കുറി മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് സിപിഎം ആലോചന. സിറ്റിങ് എംഎൽഎമാർ മത്സരിക്കണോ എന്ന കാര്യത്തിൽ അടക്കം സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംസ്ഥാനസമിതി യോഗം ഞായറാഴ്ച തുടങ്ങും. സംസ്ഥാനത്തെ പൊതു രാഷ്ട്രീയസ്ഥിതിയും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ വിലയിരുത്തലും അടങ്ങുന്ന റിപ്പോർട്ടും സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിക്കും.

15 മണ്ഡലങ്ങളിലാണ് സിപിഎം. മത്സരിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, കോട്ടയം, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. ഈ സീറ്റുകളിലൊഴികെയുള്ള പാർട്ടിസ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള അനൗപചാരിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. അതത് ജില്ലാഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾകൂടി പരിഗണിച്ചാകും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടനെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും നടത്തണമെന്നാണ് സിപിഎം. കണക്കാക്കുന്നത്. അതിനാണ്, അടിയന്തരമായി ശനിയാഴ്ചതന്നെ എൽ.ഡി.എഫ്. യോഗംവിളിച്ച് സീറ്റുവിഭജനം പൂർത്തിയാക്കിയത്. ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവർക്കുള്ള ശില്പശാല പൂർത്തിയാക്കിയതിനുശേഷമുള്ള സംസ്ഥാനസമിതിയാണ് ഞായറാഴ്ച തുടങ്ങുന്നത്. കേരളത്തിലെ സമീപകാല രാഷ്ട്രീയ വിഷയങ്ങളിലെല്ലാമുള്ള പാർട്ടി വിശദീകരണം ശില്പശാലയിലൂടെ നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധസമീപനം കേന്ദ്രമാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള നിർദ്ദേശവുംനൽകി. ഇതിനുശേഷം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി രൂപംനൽകും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ടയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചർച്ചകൾ നടക്കും. സ്ഥാനാർത്ഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീനങ്ങളും ചർച്ചയാകും. എക്‌സാലോജിക്‌നെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചർച്ചയായേക്കും.

സിപിഐ സംസ്ഥാന കൗൺസിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ബജറ്റിൽ പാർട്ടിയുടെ വകുപ്പുകളെ അവഗണിച്ചതിന് എതിരായ വിമർശനങ്ങൾ ഇന്നും യോഗത്തിൽ ഉണ്ടായേക്കും. സിപിഐ ഭരിക്കുന്ന വകുപ്പുകളോട് സർക്കാരിന് ഭിന്ന നയമാണെന്നാണ് കഴിഞ്ഞദിവസം സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനം.

രണ്ടാം പിണറായി സർക്കാരിനെ അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈകോയെ ഇടതുമുന്നണി മറന്നു. മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നും വിമർശനമുണ്ടായി. വിദേശ സർവകലാശാല വിഷയം മുന്നണിയുടെ നയവ്യതിയാനമാണെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ ചിലർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചെലവിടുന്നെന്ന് വി.പി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ടു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം പറഞ്ഞു. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭക്ഷ്യ, മൃഗസംരക്ഷണ വകുപ്പുകളോട് ബജറ്റിൽ കടുത്ത അവഗണന ഉണ്ടായി എന്ന ആരോപണം സിപിഐ മുന്നോട്ടുവയ്ക്കുന്നതിനിടയിലാണ് സംസ്ഥാന കൗൺസിലിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.