- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എംഎൽഎയുടെ ആ ചേർത്തുപിടിക്കലും രക്ഷയായില്ല! എൻ.ജി.ഓ യൂണിയൻ വനിതാ നേതാവിനെ അപമാനിക്കുവാൻ ശ്രമിച്ചെന്ന പരാതിയിൽ സംഗേഷ് ജി. നായർക്ക് സസ്പെൻഷൻ; സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗത്തിനെതിരെ നടപടി എടുത്തത് ജില്ലാ സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ
പത്തനംതിട്ട: എൻ.ജി.ഓ യൂണിയൻ വനിതാ നേതാവിനെ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കുവാൻ ശ്രമിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിൽ സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗം സംഗേഷ് ജി. നായരെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇന്ന് ചേർന്ന ഏരിയാ കമ്മറ്റി യോഗമാണ് നടപടി എടുക്കാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പങ്കെടുത്ത ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം.
സംഗേഷിനെതിരേ കിട്ടിയ പരാതി പാർട്ടി പരിശോധിക്കുകയും അന്വേഷണത്തിന് കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പരാതി ശരിയാണെന്ന് കണ്ടെത്തിയ കമ്മീഷൻ നടപടിക്ക് ശിപാർശ ചെയ്തു. എന്നാൽ കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ വിശ്വസ്തനായ സംഗേഷിനെതിരേ നടപടി ഉണ്ടായില്ല. നടപടി വൈകുന്നതിനെതിരേ വാർത്ത വന്നതിനെ തുടർന്ന് സംസ്ഥാനകമ്മറ്റി അംഗങ്ങളും കേന്ദ്ര കമ്മറ്റി നേതാക്കളും അതൃപ്തി അറിയിച്ചിരുന്നു. തന്റെ വലങ്കയ്യായ സംഗേഷിനെ എം എൽ എ കൈവിട്ടില്ല. വാർത്തകൾ വന്നതിന് പിന്നാലെ സംഗേഷിനെ ചേർത്തു പിടിച്ചുള്ള ചിത്രം എം എൽ എ ഫേസ് ബുക്ക് പ്രൊഫൈൽ ചിത്രമാക്കി. ഇത് വിവാദമായതോടെ പിൻവലിച്ചു.
അതേസമയം എൻജി ഓ യൂണിയൻ നേതാവിന്റെ സാമ്പത്തിക അഴിമതി കണ്ടുപിടിച്ചതാണ് പീഡന പരാതിക്ക് കാരണമായത് എന്ന് പറയുന്നു. കോന്നി കരിയാട്ടത്തിന്റെ പേരിൽ ബാർ ഹോട്ടലിൽ നിന്ന് വാങ്ങിയ പണം നേതാവ് മുക്കി. ഇക്കാര്യം മനസിലാക്കിയ സംഗേഷ് പണം ചോദിക്കുകയും സിസി ടി വി ദൃശ്യങ്ങൾ ഉള്ളതിനാൽ നേതാവിന് പണം നൽകേണ്ടി വരികയും ഉണ്ടായി. എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ പറഞ്ഞു കേൾക്കുന്നത്. എം എൽ എയെ അടിക്കാൻ വടി നോക്കിയിരുന്നവർക്ക് സംഗേഷിന് എതിരായ പരാതി ലോട്ടറിയായി. മുൻപും സമാനമായ ആരോപണം സംഗഷിനെതിരേ ഉയർന്നെങ്കിലും പരാതി ആയില്ല.
കഴിഞ്ഞ ഓഗസ്റ്റിൽ കോന്നിയിൽ നടന്ന കരിയാട്ടം ഫെസ്റ്റിനിടെ സിപിഎം കോന്നി ഏരിയ കമ്മിറ്റി അംഗം മോശമായി പെരുമാറിയെന്നാണ് വനിതാ നേതാവ് ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. സെപ്റ്റംബറിൽ തന്നെ കോന്നി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള രണ്ടംഗ പാർട്ടി കമ്മിഷൻ പരാതി പരിശോധിച്ചു. ഏരിയ സെന്ററിന്റെ ചുമതലക്കാരൻ കൂടിയായ നേതാവ് കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ സെക്രട്ടറി കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടും അവതരിപ്പിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
ഇതിനിടെയാണ് അടുത്തിടെ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിഷയം ചർച്ചയായത്. ഗുരുതര സ്വഭാവമുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നടപടി അനന്തമായി നീണ്ടുപോകുന്നതിൽ യോഗത്തിൽ പങ്കെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങൾ തന്നെ വിമർശനം ഉന്നയിച്ചെന്നാണ് വിവരം. മാത്രമല്ല ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോന്നിയിലെ നവകേരള സദസ്സിൽ പ്രധാന സംഘാടകനായി നിന്നതിലും പാർട്ടിയിൽ അതൃപ്തി പുകഞ്ഞു.
സിപിഎമ്മിലെ പുതിയ ചേരിക്ക് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധിയുടെ വിശ്വസ്തനിരുന്നു ഏരിയാ കമ്മിറ്റി അംഗം. ജനീഷ്‌കുമാർ എംഎൽഎ സംഘടിപ്പിച്ച കരിയാട്ടം പരിപാടിയിൽ സിപിഎമ്മിന്റെ ജില്ലാ നേതാക്കളെയോ ഏരിയാ സെക്രട്ടറിയെയോ ഏഴയലത്ത് പോലും അടുപ്പിച്ചിരുന്നില്ല. ഇതിന്റെ പേരിൽ പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഈ പരിപാടിക്ക് ജനീഷ്‌കുമാറിനൊപ്പം നിന്ന് പ്രവർത്തിച്ച നേതാവിനെതിരേയാണ് പരാതി ഉയർന്നത്. വിഭാഗീയതക്ക് വഴിവെച്ച ഈ പ്രശ്‌നങ്ങളാണ് ഇപ്പോൾ നേതാവിന്റെ സസ്‌പെൻഷനിൽ എത്തിയിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ