തിരുവല്ല: ഗുണ്ടാ നേതാവിന്റെ വിവാഹം മുടങ്ങാതിരിക്കാൻ സിപിഎം ലോക്കൽ സെക്രട്ടറിയായി ആൾമാറാട്ടം നടത്തി ഏരിയാ കമ്മറ്റി അംഗത്തിന്റെ മധ്യസ്ഥ ശ്രമം. വിവരം അറിഞ്ഞ യഥാർഥ ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിൽ സിപിഎം തിരുവല്ല ഏരിയാ കമ്മറ്റിയംഗം പ്രകാശ് ബാബുവിനെതിരേ അന്വേഷണത്തിന് പാർട്ടി ഏകാംഗ കമ്മിഷനെ നിയോഗിച്ചു.

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്ന് വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കൽ സെക്രട്ടറി ചമഞ്ഞു വിവാഹം നടത്താൻ ശ്രമിച്ചത്. പോക്സോ അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരിൽ പ്രകാശ് ബാബു ആൾമാറാട്ടം നടത്തിയത്.

ഈ മാസം എട്ടാം തീയതി അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു വഴി യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറി. ഇതേ തുടർന്ന് പ്രകാശ് ബാബു വിനയചന്ദ്രൻ എന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ച് നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.

തന്റെ പേരിൽ മറ്റാരോ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രൻ ഏരിയ കമ്മിറ്റിക്ക് പരാതി നൽകി. തുടർന്ന് ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിനയ ചന്ദ്രനെയും കൂട്ടി നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്. തുടർന്നാണ് പ്രകാശ് ബാബുവിനെതിരെ സിപിഎം ഏരിയ കമ്മിറ്റി ഏകാംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് കിഴക്കൻ മുറി സ്വദേശിയിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.