തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണത്തിന് വിധേയനായ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കൈവിടാതെ സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പിയെ കൈവിടാത്ത നിലപാടാണ് പാർട്ടി കൈക്കൊണ്ടത്. അതേസമയം പാർട്ടിയിൽ നിന്നും ചില നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു. ശോഭാ സുരേന്ദ്രനെതിരെ കേസ് കൊടുക്കാനും ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നുമാണ് പാർട്ടി മുതിർന്ന നേതാവിന് മുന്നിൽ വെച്ച നിർദ്ദേശം.

ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അരിയിച്ചു. നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന് ഇ.പി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്ഥാനത്തിനും ഇടതുപക്ഷ പ്രസ്താനത്തിനും ഉള്ളൂ എന്ന് പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള ചർച്ചയിൽ ജയരാജൻ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന പ്രതിപക്ഷ വാദത്തിന് ഇടെയാണ് ഇപിയെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ജയരാജനെതിരെ പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ട്. വോട്ടെടുപ്പ് ദിവസം തുടങ്ങുമ്പോൾ ബിജെപി നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യമായി രംഗത്തുവരാൻ അദ്ദേഹം തിരഞ്ഞെടുത്ത വഴി നേതൃത്വത്തിന് അംഗീകരിക്കാം കഴിഞ്ഞിട്ടില്ല എന്നാണ് പൊതുവിലെ സാഹചര്യം. എന്തുകൊണ്ടാണ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നതിനെ കുറിച്ച് ജയരാജൻ തുറന്ന് പറഞ്ഞതുപോലെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ് തിരുവനന്തപുരം ടെക്നോപാർക്കിന് സമീപമുള്ള മകന്റെ ഫ്‌ളാറ്റിൽ വെച്ച് ബിജെപി. കേരള പ്രഭരിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.

സിപിഎമ്മിലെ അസ്വാരസ്യം മനസിലാക്കിയ പ്രതിപക്ഷം, ജയരാജനിലൂടെ ബിജെപിയിലേക്ക് എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് വളരെ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുണ്ട്. സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ തണുപ്പൻ പ്രതികരണത്തോടും പലയിടങ്ങളിലും അതൃപ്തിയുണ്ട്. കേരളത്തിലെ നേതാക്കൾ വിഷയം ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന യെച്ചൂരിയുടെ അവ്യക്ത പ്രസ്താവന, അത്തരം പ്രതിസന്ധികളോടുള്ള അദ്ദേഹത്തിന്റെ പതിവ് പ്രതികരണമായി കണക്കാക്കപ്പെടുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇ പിയെ തള്ളാതെ പാർട്ടി ചേർത്തു നിർത്തുന്നത്.