കണ്ണൂർ: കണ്ണൂർ ജില്ലയിലെ പാർട്ടി കേന്ദ്രങ്ങളിൽ ബിജെപിക്ക് വോട്ടുവർധിച്ചത് എങ്ങനെയെന്ന് സി.പി. എം പരിശോധിക്കുന്നു. ഇത്തരം പ്രവണത ചരിത്രത്തിലാദ്യമാണെന്നും ഈ പ്രത്യേക പ്രതിഭാസത്തെ കുറിച്ചു പാർട്ടി പരിശോധിക്കുമെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. സി.പി. എം വോട്ടു ബിജെപിയിലേക്ക് പോയെങ്കിൽ അതും പരിശോധിക്കും. ഇടതു കേന്ദ്രങ്ങളിൽ ബിജെപി വോട്ടുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവർക്ക് 2019-ൽ കിട്ടിയ വോട്ടുകൾ ഇത്തവണ കിട്ടിയിട്ടില്ല. എന്നാൽ ഇടതുപക്ഷത്തിന്റെ വോട്ടുകളിലും കുറവുണ്ടായിട്ടുണ്ട് എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അതു ആഴത്തിൽ പരിശോധിക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു. യു.ഡി. എഫിന് അനുകൂലമായ ജനവിധിയുണ്ടായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്തെല്ലാം ഘടകങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ.

വിശദമായ പരിശോധന നടത്തി തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ പാർട്ടിയോടൊപ്പം അണിനിരത്തും. പാർട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സർക്കാരിനെ കുറിച്ചോ ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുമെന്ന് ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായയിൽ അടക്കം ബിജെപി വോട്ടു വർധിപ്പിച്ചതാണ് സി.പി. എമ്മിനെ ഞെട്ടിച്ചത്. പാർട്ടി പിറന്ന പാറപ്രത്ത് നേരിയ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി. എഫ് നേടിയത്.

മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം ഇരട്ടി വോട്ടു നേടിയാണ് ബിജെപി സാന്നിധ്യമറിയിച്ചത്. ധർമടത്ത് ബിജെപി നടത്തിയ കുതിപ്പാണ് സി.പി. എമ്മിന് ഏറെ തലവേദനയുണ്ടാക്കുന്നത്. ധർമടത്ത് 2019-ൽ 8538-വോട്ടുകളാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതു 16711 വോട്ടുകളായി ഉയർന്നിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പിൽ 8659-വോട്ടാണ് നേരത്തെ കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ അതു 16,706വോട്ടുകളാക്കി അതു ഉയർത്തിയിട്ടുണ്ട്.

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരിൽ കഴിഞ്ഞ തവണ 11612-വോട്ടുകളാണ് എൻ.ഡി. എ സ്ഥാനാർത്ഥി നേടിയത്. എന്നാൽ ഇക്കുറി 19,159 വോട്ടുകളാണ് ഭൂരിപക്ഷം. അഴീക്കോട് മണ്ഡലത്തിലും ബിജെപി വോട്ടു ഷെയർ വർധിപ്പിച്ചിട്ടുണ്ട്. യു.ഡി. എഫ് ശക്തി കേന്ദ്രമായ ഇരിക്കൂറിലും മിന്നും പ്രകടനം കാഴ്‌ച്ചവയ്ക്കാൻ ബിജെപിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ 72891-വോട്ടു നേടിയ ഇരിക്കൂറിൽ ഇത്തവണ 13,562-വോട്ടുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു.

ഇതിനിടെ തോൽവിയെ കുറിച്ചു പഠിക്കാൻ പാർട്ടി കുടുംബവീടുകൾ സന്ദർശിക്കാൻ സി.പി. എം നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം കീഴ്ഘടകങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് വിശകലന കൺവെൻഷനുകൾക്കു ശേഷമാണ് സന്ദർശനം നടത്തുക. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പ് തോൽവിക്കു ശേഷം അന്നും തോൽവി പരിശോധിക്കാൻ പാർട്ടി അംഗങ്ങളുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തിയിരുന്നു.

ഭരണശൈലിയിൽ മാറ്റംവേണമെന്നായിരുന്നു ഇതിൽ നിന്നും ലഭിച്ച റിപ്പോർട്ട്. പ്രത്യേകിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപത്യശൈലിയാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനം. ഈറിപ്പോർട്ട് ജില്ലാ ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിച്ചിരുന്നുവെങ്കിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല.