പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്ന വാർത്ത നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. യോഗത്തിൽ കയ്യാങ്കളിയും വാക്കേറ്റവും ഉണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഈ വാർത്ത. അതിനെ നിയമപരമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിലയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. അതിനെ ദുർബലപ്പെടുത്താൻ മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജവാർത്തയാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി എന്നത്. അടിസ്ഥാനരഹിതമായ ഈ വാർത്ത ജനങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.

യുഡിഎഫിനെ സഹായിക്കാൻ വേണ്ടിയാണ് ഈ വാർത്ത സൃഷ്ടിച്ചത്. ഇടതുമുന്നണി മുന്നേറ്റം ചെറുക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഉദയഭാനു പറഞ്ഞു. കയ്യാങ്കളിയുണ്ടായെന്ന വാർത്ത സിപിഎം നേതാക്കളായ എ പത്മകുമാർ, പിബി ഹർഷകുമാർ എന്നിവർ നിഷേധിച്ചു. ആരും മർദ്ദിച്ചിട്ടില്ലെന്ന് പത്മകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാനരഹിതമായ വാർത്തയെന്ന് പിബി ഹർഷകുമാറും പറഞ്ഞു. പത്തനംതിട്ട പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറി രാജു എബ്രഹാമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് വാർത്തകൾ വന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തിൽ നേതാക്കളിൽ ചിലർ ഉഴപ്പുന്നതായി ഒരു നേതാവ് ആരോപണം ഉന്നയിച്ചു. ഇതിൽ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേർന്നത്.

സമ്മേളനം സംബന്ധിച്ച് സിപിഎം സെക്രട്ടറിയേറ്റിൽ ചർച്ചയുണ്ടായി. എന്നാൽ കയ്യാങ്കളിയും തർക്കവും ഉണ്ടായി എന്നത് അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കമ്മിറ്റിയിൽ നടന്ന ചർച്ചയെ തർക്കമായി വ്യാഖ്യാനിക്കേണ്ടതില്ല. പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിന്റെ സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാർത്ത വരുന്നത്. ഇത്തരം വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്നും മന്ത്രി കോട്ടയത്ത് വ്യക്തമാക്കി.