കണ്ണൂർ: പാർട്ടിയിൽനിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിർന്ന സംസ്ഥാനസമിതി അംഗമായി പി ജയരാജൻ കൊമ്പു കോർത്തതിൽ സിപിഎമ്മിനുള്ളിൽ അമർഷം. ജില്ലാ സെക്രട്ടറി എം വിജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ അനാവശ്യമായെന്നാണ് വിലയിരുത്തൽ.

ക്വട്ടേഷനും സ്വർണക്കടത്തിനും പാർട്ടിയെ മറയാക്കുന്നവർ പാർട്ടിയുടെ ഔദ്യോഗിക ആളുകളായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശീർവാദത്തോടെയാണെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞ് പി.ജയരാജൻ വിവാദത്തിൽ കക്ഷിചേർന്നത്. ഇതോടെ മനു തോമസ് കൂടുതൽ കടുത്ത ആരോപണങ്ങളുന്നയിച്ചു.

സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തിയ ജയരാജന്റെ പോസ്റ്റായിരുന്നു ഇതിനെല്ലാം കാരണം. താൻ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനു വീണ്ടും രംഗത്തു വന്നത്. അല്ലാത്ത പക്ഷം ആ വിവാദം അവിടെ തീരുമായിരുന്നു. ജില്ലാ കമ്മിറ്റി വ്യക്തത വരുത്തിയ കാര്യങ്ങൾ മറ്റൊരു തരത്തിൽ സംസ്ഥാനസമിതി അംഗം വിശദീകരിച്ചത് സിപിഎമ്മിന് വലിയ തലവേദനയായി മാറിയെന്നതാണ് യാഥാർത്ഥ്യം.

സംസ്ഥാനകമ്മറ്റിയംഗം പി. ജയരാജൻ ഇന്നലെ രാവിലെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റിന് പിന്നാലെ പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ മനുതോമസ് രംഗത്തെത്തുകയായിരുന്നു. പൊതുപ്രവർത്തകനായ തന്നെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനാണ് മനു തോമസിന്റെ ശ്രമമെന്നാണ് ജയരാജന്റ ആരോപണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി. ജയരാജൻ അറിയിച്ചിരുന്നു. അതേസമയം പി. ജയരാജന് മറുപടിയായി പാർട്ടിയെ പൊതുമാധ്യമങ്ങളിൽ കൊത്തിവലിക്കാൻ ജയരാജൻ അവസരമൊരുക്കുകയാണെന്നും ഇതിന് മുൻപും ജയരാജൻ പാർട്ടിയെ ഇത്തരത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മനു തോമസ് സമൂഹ മാധ്യമത്തിലൂടെ ആരോപിച്ചു.

പി. ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ക്വാറി ഉടമയ്ക്കായി പുതിയ ഏരിയാ സെക്രട്ടറിയെ സൃഷ്ടിച്ചുവെന്നും വിദേശത്തുള്ള മകന് വഴിവിട്ട സഹായം ചെയ്തു കൊടുത്തുവെന്നും മനു തോമസ് ആരോപിച്ചു. ഇതെല്ലാം സിപിഎമ്മിന് പുതിയ തലവേദനയായി മാറുകയും ചെയ്തു.

മനുവിന്റെ പോസ്റ്റിൽ നിന്ന്

താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയമാണ്. താങ്കൾ സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടന്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട് എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം.

ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങൾ അറിയട്ടെ. പാർട്ടിക്കറിയാത്ത, ജനങ്ങൾക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല... താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ...' പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ടമെന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പാർട്ടി അംഗത്വം ഒഴിവാക്കിയതിനു ശേഷം സിപിഎമ്മിനെ കരിവാരി തേക്കാൻ ശ്രമിക്കുകയാണ് മനു തോമസെന്ന് ജയരാജൻ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കുറിച്ചു.