തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ അടക്കം മുഖ്യമന്ത്രിയെയും മകൾ വീണവിജയനെയും പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ഉയർത്തിയ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതിവെട്ടിപ്പ് ആരോപിച്ച് സിപിഎം രംഗത്ത്. ചിന്നക്കനാലിൽ ഭൂമി ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ വിലകുറച്ചു കാണിച്ചെന്നാണ് ആരോപണം.

ചിന്നക്കനാലിൽ മാത്യു നടത്തിയ ഭൂമി ഇടപാടിൽ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ വില കുറച്ചുകാണിക്കുകയായിരുന്നു. ഏഴ് കോടി രൂപ വിലവരുന്ന ഭൂമിക്ക് 1.92 കോടി മാത്രമാണ് കാണിച്ചത്. വക്കീൽ ഓഫീസുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി ഉപയോഗിക്കുന്നതായി സിപിഎം ആരോപിക്കുന്നു.

2021 മാർച്ച് 18നു രാജകുമാരി സബ് രജിസ്റ്റ്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യപ്പെട്ട വസ്തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും 2 പങ്കാളികളും വിലയായി കാണിച്ചിരിക്കുന്നത് 1.92 കോടിയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു പറഞ്ഞത്. 3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നുണ്ട്. ഭൂമിയുടെ യഥാർഥ വില ഏഴു കോടിയോളം വരുമെന്നും മോഹനൻ വിശദീകരിച്ചു.

തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ ദുബായ്, ഡൽഹി, ഗുവാഹത്തി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ താൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിൽനിന്നുള്ള വരുമാനമായി കാണിച്ചിരിക്കുന്നത് 23 കോടിയാണ്. അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നും മോഹനൻ പറഞ്ഞു.

സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. എംഎൽഎക്കെതിരെ മണ്ഡലത്തിലുള്ളവർ വിജിലൻസിൽ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരിൽ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴൽ നാടൻ. വിഷയത്തിൽ സിപിഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു.

അതേസമയം, ചിന്നക്കനാലിൽ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴൽ നാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആരോപണങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ.

ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ചശേഷം മുഴുവൻ കാര്യങ്ങൾക്കും മറുപടി പറയുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു