കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സ്വയം പരിച നീട്ടി പാർട്ടി ജില്ലാ നേതൃത്വം. പഴിയെല്ലാം മാധ്യമങ്ങൾക്കാണ്. ചില മാധ്യമങ്ങൾ തുടർച്ചയായി സിപിഎമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങൾ അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു. ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഎം. എന്നിട്ടും ക്വട്ടേഷൻകാരുടെ പാർട്ടിയാണ് സിപിഎമ്മെന്നും അവരെ സഹായിക്കുന്നവരാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറും എന്നുമുള്ള വ്യാജ വാർത്തകളാണ് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.

ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഈ പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും കുടുങ്ങിപ്പോകരുതെന്നും ജാഗ്രത പാലിക്കുകയും വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിനെ തുടർന്ന് സി.പിഎമ്മിൽ.(നിന്നും ഒഴിവായ മനു തോമസ് സിപിഎം നേതാക്കൾക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ് അത് ജനങ്ങൾ തിരിച്ചറിയണം. സോഷ്യമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തിൽ ക്വട്ടേഷൻകാരായ ചിലർ നടത്തുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങൾ ലൈക്ക് ചെയ്തും, ഷെയർ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളിൽ പാർട്ടിയുടെ വക്താക്കളായി പ്രവർത്തിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല.

തൊഴിലാളി -കർഷകാദി ബഹുജനങ്ങളെ അണിനിരത്തി അനീതിക്കും അഴിമതിക്കും കൊള്ളരുതായ്മക്കുമെതിരെ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പാർട്ടിയാണ് സിപിഎം.. വർഗ്ഗീയതയ്ക്കും കോർപ്പറേറ്റ് നയങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരവും നടത്തുന്ന ഇന്ത്യയിലെ ജനകീയ പാർട്ടിയാണിത്. ഇത്തരമൊരു പാർട്ടിയുടെ ജനകീയ വിശ്വാസ്യത തകർക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് വലതുപക്ഷ രാഷ്ട്രീയ പാർട്ടികളും, ചില മാധ്യമങ്ങളും നടത്തുന്നത്. അത് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി. ജയരാജനെതിരെ ചില അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രശ്‌നം കൂടുതൽ വഷളായെന്നും വിമർശനമുണ്ടായി. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇടയാക്കിയത് പി. ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.

സിപിഎമ്മിൽനിന്ന് പുറത്തുപോയതിനെ തുടർന്നാണ് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സിപിഎം. നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് വിഷയം വലിയ ചർച്ചയാകുകയും തുടർ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.

പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

മൗനം വിദ്വാന് ഭൂഷണം

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മടങ്ങിയ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് 'മൗനം വിദ്വാനു ഭൂഷണം' എന്ന് മറുപടി നൽകിയത്. ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന. വിഷയത്തിൽ സിപിഎം സംസ്ഥാന എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.