ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്തുണ്ടായ പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖം രക്ഷിക്കാൻ പാടുപെടുന്ന സിപിഎമ്മിനെ കൂടുതൽ കുഴപ്പത്തിലാക്കി വീണ്ടും വെളിപ്പെടുത്തൽ. കായംകുളത്തെ സത്യൻ കൊലപാതക കേസിൽ ജില്ലാ പഞ്ചായത്തംഗം കൂടിയായ ബിപിൻ സി ബാബുവിന്റെ കത്താണ് പാർട്ടിക്ക് തലവേദനയായത്.

സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ പ്രതി ചേർത്തെന്നാണ് ബിപിന്റെ ആരോപണം. സ്ഥാനം ഒഴിയുന്നുവെന്ന് കാണിച്ച് എം വി ഗോവിന്ദന് നൽകിയ കത്തിലാണ് വെളിപ്പെടുത്തൽ. വിഭാഗീയതയെ തുടർന്നാണ് ബിപിൻ അടക്കം മൂന്ന് നേതാക്കൾ കത്ത് നൽകിയത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. ഐഎന്ടിയുസി നേതാവും കോൺഗ്രസ് ഭാരവാഹിയുമായിരുന്നു കൊല്ലപ്പെട്ട സത്യൻ. കേസിലെ ബിപിൻ അടക്കം ആറ് പ്രതികളെയും 2006 ൽ കോടതി വെറുതെ വിട്ടിരുന്നു.

ബിപിനാണ് രാജിക്കത്തിൽ കൊലപാതകത്തിലെ ഗൂഢാലോചന വെളിപ്പെടുത്തിയത്. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നാണ് കത്തിലെ പരാമർശം. പത്തൊമ്പതാം വയസ്സിൽ 60 ദിവസം ജയിലിൽ കിടന്നുവെന്നും കത്തിലുണ്ട്. കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് ബിപിൻ ആവശ്യപ്പെടുന്നത്. കേസിലെ പ്രതി തന്നെ വർഷങ്ങൾക്ക് ശേഷം ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെ കേസിൽ പ്രതികളാണ്. കേസിലെ പ്രതികൾ ഇപ്പോഴും ഔദ്യോഗിക നേതൃത്വത്തിന്റെ തലപ്പത്തുണ്ടെന്ന് ബിപിൻ ആരോപിക്കുന്നു. ആലപ്പുഴയിലെ വിഭാഗീയതയാണ് ബിപിൻ ഉൾപ്പെടെ മൂന്നു നേതാക്കളുടെ രാജിയിലേക്ക് നയിച്ചത്.

"ഒരു തരത്തിലും പാർട്ടിക്കകത്ത് നിൽക്കാൻ കഴിയാത്ത നിലയിൽ കടുത്ത മാനസിക പീഡനം നടത്തുകയാണ്. സഖാക്കൾ നൽകുന്ന ഒരു പരാതിയിലും പരിഹാരം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്‌നങ്ങൾ പരിഹരിച്ചു എന്ന് കമ്മറ്റിയെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ, ഒരു വിഭാഗം നടത്തുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും പാർട്ടി നേതാവ് സംരക്ഷണം നൽകുകയാണ് ചെയ്യുക" കത്തിൽ പറയുന്നു.

"ഞാൻ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗമായും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പാർട്ടി ഏരിയ കമ്മിറ്റി അംഗമായി 14 വർഷമായും പ്രവർത്തിച്ചു വരികയാണ്. വിദ്യാർത്ഥി യുവജന രംഗത്തു പ്രവർത്തിക്കുമ്പോൾ 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ആലോചിച്ചു നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19ാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

"എന്റെ കുടുംബജീവിതത്തിന്റെ ഭാഗമായുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. എന്റെ സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്കു തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. മാത്രമല്ല ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന കള്ളം സഖാക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്. എന്നെ ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്നെ പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്."

"എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നാൽ അതിനു വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നേപ്പോലുള്ളവരെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്കു നേതൃത്വം കൊടുക്കുന്നവർ ശ്രമിക്കുന്നതിനെപ്പറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും." ബിപിൻ കത്തു ചുരുക്കുന്നു.

2001 നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഐഎൻടിയുസി നേതാവ് സത്യൻ വധിക്കപ്പെട്ടത്. കീരിക്കാട് കരുവാറ്റംകുഴി ചാപ്രയിൽ അജികുമാർ, സഹോദരൻ അനിൽകുമാർ, പത്തിയൂർ ഇരവുപടിഞ്ഞാറ്റംമുറി പ്രദീപ്, ചാപ്രയിൽ കിഴക്കതിൽ പ്രമോദ്, കോട്ടൂർ തെക്കേത്തറ വീട്ടിൽ സുരേഷ്, കരുവാറ്റംകുഴി കള്ളിക്കാൽത്തറ വീട്ടിൽ ബിപിൻ ബാബു, ആറാട്ടുപുഴ കള്ളിക്കാട്ടുമുറി വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ ബിജു എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരെ ആലപ്പുഴ അതിവേഗ കോടതി ജഡ്ജി എൻ. സുഗുണനാണ് വെറുതേ വിട്ടത്.