- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇലന്തൂരിൽ എസ്എൻഡിപി ശാഖാ ഭരണം പിടിക്കാൻ സിപിഎം അംഗങ്ങൾ തമ്മിൽ മത്സരം; ഔദ്യോഗികമെന്നും റിബലെന്നും പേരിട്ട് സ്ഥാനാർത്ഥികൾ; ഒരു കൈ നോക്കാൻ കോൺഗ്രസും
പത്തനംതിട്ട: ഇലന്തൂരിൽ എസ്എൻഡിപി ശാഖാ ഭരണ സമിതിയിൽ ഭാരവാഹികളാകാൻ സിപിഎം പാർട്ടി അംഗങ്ങൾ ചേരി തിരിഞ്ഞ് മത്സരിക്കുന്നു. 952-ാം നമ്പർ ഇടപ്പരിയാരം എസ്എൻഡിപി ശാഖാ യോഗത്തിലാണ് പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമുള്ള മത്സരം നടക്കുന്നത്.
മുൻ ലോക്കൽ സെക്രട്ടറി വിആർ സുലോചനൻ, പരിയാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ പ്രസന്നൻ എന്നിവരാണ് പരസ്പരം മത്സരിക്കുന്ന സിപിഎമ്മുകാർ. കൊഴുപ്പു കൂട്ടാൻ കോൺഗ്രസ് പ്രവർത്തകനായ കെ ജി റജിയും മത്സര രംഗത്തുണ്ട്.
സമുദായ സംഘടനകളുടെ ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പാർട്ടി അംഗങ്ങൾ മത്സരിക്കരുതെന്ന നിർദ്ദേശം മറികടന്നാണ് ഇടപ്പരിയാരം ശാഖാ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്കും കമ്മിറ്റിയിലേക്കും നേതാക്കൾ ചേരിതിരിഞ്ഞ് മത്സരിക്കുന്നത്. ശാഖയുടെ ഉടമസ്ഥതയിലുള്ള ഇടപ്പരിയാരം എസ്എൻഡിപി ഹൈസ്‌കൂളിന്റെ മാനേജർ ശാഖാ യോഗം പ്രസിഡന്റും സെക്രട്ടറി ശാഖാ സെക്രട്ടറിയും സ്‌കൂൾ മാനേജിങ് കമ്മറ്റി അംഗങ്ങൾ ശാഖാ കമ്മറ്റി അംഗങ്ങളുമാണ് എന്നതാണ് തെരഞ്ഞെടുപ്പിന് വീറും വാശിയും വരാൻ കാരണം. ഒരു കാലത്ത് ഇടത് പക്ഷത്തിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെട്ടിരുന്ന ഇവിടെ അടുത്ത കാലത്തായി ഇടത് വോട്ടിൽ കാര്യമായ ചോർച്ച ഉണ്ടാവുകയും ബിജെപി ക്കും കോൺഗ്രസിനും പകുതിയോളം വോട്ടുകൾ മാറിപ്പോകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.
മറ്റ് രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തനം പ്രദേശത്ത് നിലവിലില്ല. വോട്ട് ഷെയറിൽ ചോർച്ച ശക്തമാണെങ്കിലും പ്രദേശം തങ്ങളുടെ കോട്ടയായി നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാർട്ടി ശാഖാ യോഗം തിരഞ്ഞെടുപ്പിൽ ഇടപെട്ട് വരുന്നത്. എന്നാൽ ഇത്തവണ ശാഖാ യോഗം വക സ്‌കൂളിൽ വരുന്ന ഒഴിവിലേക്കുള്ള നിയമനത്തിൽ കണ്ണ് വച്ചാണ് ഇരു വിഭാഗം മത്സരം കടുപ്പിക്കുന്നത്. പാർട്ടിയിലെ ഒരു നേതാവിന്റെ മരുമകൾക്ക് നിയമനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഒരാൾ മത്സരിക്കുന്നത്. മറ്റൊരു പാർട്ടി അംഗത്തിന്റെ മകന് നിലവിലെ ഒഴിവിൽ നിയമനം നൽകണമെന്ന് താത്പ്പര്യമുള്ള മറ്റൊരു പക്ഷമാണ് പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിക്ക് പിന്നിലുള്ളത്. പാർട്ടിക്കാർ തമ്മിൽ മത്സരിക്കുമ്പോൾ സി പി എം വിരുദ്ധ വോട്ടുകൾ പരമാവധി ശേഖരിച്ച് ജയിക്കാമെന്ന കണക്ക് കൂട്ടലിലാണ്, കോൺഗ്രസ് പ്രവർത്തകനും മികച്ച അദ്ധ്യാപകനുള്ള ഗുരുശ്രേഷ്ഠാ പുരസ്‌കാരം നേടിയ അദ്ധ്യാപകനുമായ കെ ജി റജി.
കെ ജി റജിയും പി കെ പ്രസന്നനും ഇതേ സ്‌കൂളിൽ നിന്ന് അടുത്ത കാലത്ത് വിരമിച്ച അദ്ധ്യാപകരാണ്. മുൻ ഡി വൈ എഫ് ഐ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സെക്രട്ടറി സ്ഥാനാർത്ഥി എസ് ശ്രീജിത്തും, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ബാലസംഘം ഭാരവാഹി കൂടിയായ ഗോപകുമാറും വിമതപക്ഷത്ത് മത്സരിക്കുന്നു. പാർട്ടി അംഗമായ രാജേഷ് ആണ് സി പി എം ഔദ്യോഗിക വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. പാർട്ടി ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഇടപ്പരിയാരത്ത് ചേരി തിരിഞ്ഞ് മത്സരം ഉണ്ടാവുകയും അത് എതിർ പക്ഷത്തുള്ള കെ ജി റജി ഉൾപ്പടെയുള്ളവരുടെ വിജയത്തിൽ കലാശിക്കുകയും ചെയ്താൽ ഏരിയാ കമ്മറ്റിയിലേക്ക് പരിഗണിക്കപ്പെടുന്ന പി കെ പ്രസന്നൻ ഉൾപ്പടെ ഉള്ളവർക്കെതിരെ അച്ചടക്ക നടപടികൾക്കും കാരണമായേക്കും.




