കൊച്ചി: തങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ മാത്യു കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം. ന്യായ വിലയുടെ അടിസ്ഥാനത്തിലല്ല സംസ്ഥാനത്ത് ഭൂമിക്കച്ചവടം നടക്കുന്നത്. അഞ്ചും ആറും ഇരട്ടി വില വർധിക്കാറുണ്ട്. ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ ആദ്യം കൃത്യമായ മറുപടി പറയട്ടെയെന്നും മാത്യുവിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നതിനെ കുറിച്ച് അതിനുശേഷം ആലോചിക്കാമെന്നുമാണ് സിപിഎം നിലപാട്.

നികുതി വെട്ടിപ്പിനെക്കുറിച്ചും രജിസ്‌ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു. ചിന്നക്കനാലിൽ തനിക്കുള്ളത് ഗസ്റ്റ് ഹൗസാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞതിനെ അദ്ദേഹം തള്ളിക്കളഞ്ഞു. വീട് വയ്ക്കാൻ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോർട്ട് പണിതു. റിസോർട്ടിൽ ഇപ്പോഴും ബുക്കിങ് തുടരുന്നു. ഓൺലൈൻ ബുക്കിങ് രേഖകൾ അദ്ദേഹം പുറത്തുവിട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മാത്യു കുഴൽനാടൻ ഹാജരാക്കിയത് കള്ള സത്യവാങ് മൂലമാണ്. വെളിപ്പെടുത്തിയ സ്വത്തിന്റെ 30 മടങ്ങ് സ്വത്ത് കുഴൽ നാടനും കുടുംബത്തിനും ഉണ്ട്. നാമനിർദ്ദേശപത്രികയിൽ 2016 മുതൽ 2021 വരെയുള്ള കുടുംബ വരുമാനം 95,86,650 രൂപയാണ്. എന്നാൽ ഈ കാലയളവിൽ മാത്യുവിന്റെയും ഭാര്യയുടെയും പേരിൽ 30.5 കോടി രൂപയുടെ സ്വയാർജിത സ്വത്താണ് രേഖകൾ കാണിക്കുന്നത്. വിദേശത്ത് 24ശതമാനം ഷെയറായി 9 കോടി രൂപയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുവാദം ലഭിച്ചിട്ടുണ്ടോ? വിദേശത്ത് 2.5 ലക്ഷം യു.എസ് ഡോളറിന് തുല്യ തുക അനുമതിയോടെ നിക്ഷേപിക്കാമെന്നിരിക്കെ മാത്യുവിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് നിക്ഷേപം പരിധിയുടെ അഞ്ച് ഇരട്ടിയാണെന്നും സി എൻ മോഹനൻ പറഞ്ഞു

അതിനിടെ, ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമ്മിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമ്മിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ റിസോർട്ടിന്റെ ഭാഗമാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. 2018 ലാണ് 800 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള രണ്ടു നില കെട്ടിടങ്ങൾ പണിതത്. ചിന്നക്കനാൽ പഞ്ചായത്ത് റിസോർട്ടിന് ലൈസൻസും നൽകിയിരുന്നു.

ചിന്നക്കനാലിലെ ഭൂമിയുടെ ഫെയർ വാല്യുവിനേക്കാൾ കൂടുതൽ തുക അടച്ചെന്നും പതിമൂന്ന് ലക്ഷം രൂപയാണ് സർക്കാർ രേഖ പ്രകാരം നികുതി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ ഇതിനേക്കാൾ ആറ് ലക്ഷം രൂപ കൂടുതൽ അടച്ചിട്ടുണ്ടെന്നുമാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സിപിഎമ്മിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. തന്റെ കമ്പനിയുടെ എല്ലാ കണക്കുകളും പുറത്ത് വിടാമെന്നും വീണാ വിജയൻ നികുതി കണക്കുകൾ പുറത്ത് വിടാമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

വിശ്വാസ്യത ചോദ്യം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ മാത്യുകുഴൽനാടൻ തനിക്കെതിരെ ഉന്നയിച്ച കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് എന്നീ ആരോപണങ്ങൾതെളിയിക്കാൻസിപി എമ്മിനെ വെല്ലുവിളിച്ചു.അഭിഭാഷക സ്ഥാപനത്തിന്റെ കണക്ക് പരിശോധിക്കാൻ സിപിഎമ്മിന് ഒരാളെ നിയോഗിക്കാം. വീണാവിജയന്റെ എക്‌സോലജിക്ക് കമ്പനിയുടെ കണക്കും ഇതുപോലെ പരിശോധിക്കാമോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ചിന്നക്കനാലിലെ ഭൂരേഖകളും ഭൂമിവാങ്ങിയപണവും എല്ലാം നിയമപരമാണ്. ആധാരമുൾപ്പെടെയുള്ള രേഖകളും മാത്യു കുഴൽനാടൻ പുറത്തുവിട്ടു.

സിപിഎം ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വരുമാന സ്രോതസ് ശരിയല്ല, കള്ളപ്പണം വെളുപ്പിക്കുന്നു എന്നൊക്കെ ഭരിക്കുന്ന പാർട്ടി പറയുന്നു. നാല് പാർട്ണർമാരുള്ള അഭിഭാഷക സ്ഥാപനത്തിനെതിരെയാണ് ഈ ആരോപണങ്ങൾ. വിയർപ്പിന്റെ വിലയറിയാത്തവരാണ് ഇത് പറയുന്നത്. എന്തും സഹിക്കും, വിശ്വാസ്യത ചോദ്യംചെയ്യരുതെന്ന് മാത്യു കുഴൽനാടൻ. ചിന്നക്കനാലിലെ സ്ഥലത്തിന് ഫെയർവാല്യുവിലും കൂടുതൽ സ്റ്റാംപ് ഡ്യൂട്ടി അടച്ചിട്ടുണ്ട്. 13.24 ലക്ഷം നികുതി നൽകേണ്ട സ്ഥാനത്ത് 19.11 ലക്ഷം നൽകിയെന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു.