- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യോഗം പിടിക്കാൻ' സഖാക്കളെ സജീവമാക്കും
തിരുവനന്തപുരം: എസ് എൻ ഡി പി യോഗത്തിൽ കൂടുതൽ പിടിമുറുക്കാൻ സിപിഎം. എസ് എൻ ഡി പി യോഗവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കേസടക്കം സിപിഎം പരിശോധിക്കും. നേതൃതലപ്പത്ത് ഇടത് അനുഭാവമുള്ളവരെ എത്തിക്കാനും ശ്രമിക്കും. വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപിയുമായി കൂടുതൽ അടുക്കുമെന്ന വിലയിരുത്തലിലാണ് ഇത്. ഈഴവ വോട്ടുകളാണ് സിപിഎമ്മിന്റെ സംഘടനാ കരുത്ത്. ശബരിമല പ്രക്ഷോഭകാലത്ത് കൈവിട്ട ഈ വോട്ട് ബാങ്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം തിരിച്ചു പിടിച്ചു. ഇതോടെ തുടർഭരണമുണ്ടായി. ഇനിയും ആ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് നീക്കം.
അതിനിടെ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനങ്ങൾക്കു രണ്ടു ദിവസത്തിനു ശേഷം മറുപടി പറയാമെന്ന് വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. പനി ബാധിച്ചു വിശ്രമത്തിലായതിനാൽ ഇപ്പോൾ മറുപടി പറയുന്നില്ല. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിലേക്കു നീങ്ങിയെന്നും വെള്ളാപ്പള്ളിയുടെ ഭാര്യയും മകനും ആർഎസ്എസ് വൽക്കരണത്തിനു നടത്തിയ ശ്രമങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ വിമർശനം. ഇതിന് വെള്ളാപ്പള്ളിയുടെ മറുപടിയും സിപിഎമ്മിന്റെ തുടർ പ്രതികരണവും നിർണ്ണായകമാകും.
എസ്എൻഡിപി നേതൃനിരയിലുള്ളവരുടെ സമീപനം ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടുകളിൽ നിന്നു വിഭിന്നമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. താൻ ആർഎസ്എസിന് ഒളിസേവ ചെയ്യുകയാണെന്ന സമസ്ത മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലെ ആരോപണത്തിനും അടുത്ത ദിവസം മറുപടി നൽകുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. ഈ ചർച്ചകളേയും അനുകൂലമാക്കാൻ സിപിഎം ശ്രമിക്കും. വേണ്ടി വന്നാൽ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിന് സിപിഎം കൂട്ടത്തോടെ തന്നെ മറുപടി പറയും.
ജാതി സംഘടനകളിലേക്ക് ബിജെപി.രാഷ്ട്രീയം നിറയ്ക്കാനുള്ള ആസൂത്രിതനീക്കങ്ങൾ വിജയിക്കുന്നുണ്ട്. എൻ.എസ്.എസിന്റെ കാര്യത്തിൽ സ്വീകരിച്ച രാഷ്ട്രീയപ്രതിരോധ മാതൃകയാകില്ല എസ് എൻ ഡി പി വിഷയത്തിൽ സിപിഎം എടുക്കുക. എസ്.എൻ.ഡി.പി. നേതൃത്വത്തിലെ ബിജെപി. മനസ്സുള്ളവരെ തള്ളുകയും പ്രവർത്തകരെ ഇടതുപക്ഷത്തേക്കു ചേർത്തുനിർത്തുകയും ചെയ്യുന്ന പ്രതിരോധരീതിയാണ് എൻ എസ് എസിനെതിരെ സ്വീകരിച്ചത്. എന്നാൽ എസ് എൻ ഡി പി വോട്ടുകൾ എല്ലാം സിപിഎമ്മിന് അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ എല്ലാ എസ് എൻ ഡി പിക്കാരേയും ഇടതുപക്ഷത്ത് ചേർത്തു നിർത്തുകയാണ് ലക്ഷ്യം.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം പരിശോധിച്ചപ്പോൾ എസ്.എൻ.ഡി.പി.യിലെ അംഗങ്ങളിൽ ബിജെപി.വത്കരണം നടക്കുന്നെന്നാണ് സിപിഎം. കണ്ടെത്തിയിട്ടുള്ളത്. ഈഴവവോട്ടുകളാണ് സിപിഎമ്മിന്റെ ശക്തി. ബി.ഡി.ജെ.എസ്. ക്ഷയിക്കുന്നുണ്ടെന്ന് വരുത്തി അതിലെ അംഗങ്ങളെ സിപിഎമ്മിലേക്കെത്തിക്കാനുള്ള ദൗത്യം വേണമെന്നുമാണ് തീരുമാനം. സിപിഎം. കുത്തകയായിരുന്ന ഈഴവസ്വാധീന മേഖലകളിൽ ബിജെപി. വോട്ടുയർത്തി. ഇത് ഗൗരവത്തോടെ തന്നെ സിപിഎം കാണുന്നു.
ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി.യിലെ ഒരുഭാഗം ബിജെപി.ക്കുവേണ്ടി രംഗത്തിറങ്ങി. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയടക്കം അതിൽ പങ്കാളിയായി. ഈ സാഹചര്യത്തിൽ കരുതലുകളിലേക്ക് സിപിഎം പോകുന്നത്.