തിരുവനന്തപുരം: 'തിരഞ്ഞെടുപ്പിൽ നമ്മൾ തോറ്റു, നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചൂന്ന് പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉള്ള പ്രവണതകളുണ്ട്. അവ കാണാതിരുന്നിട്ട് കാര്യമില്ല. ആ പ്രവണത ഈ മുതലാളിത്തസമൂഹത്തിൽ അരിച്ചരിച്ച് നമ്മുടെ പാർട്ടി കേഡറുകളിലും നമ്മളിലെല്ലാം തന്നെ ഉണ്ടാവും. അതെല്ലാം തൂത്തെറിഞ്ഞുകൊണ്ടുമാത്രമേ നല്ല തിരുത്തലുകൾ നടത്താനാകൂ. സംഘടനാരംഗത്തും തിരുത്തലുകൾ വേണം'- എം വി ഗോവിന്ദൻ പെരിന്തൽമണ്ണയിൽ ഈ മാസം 14 ന് തുറന്നടിച്ചത് തന്നെയാണ് സിപിഎമ്മിലെ പൊതുവികാരം. അതു തന്നെയാണ് സംസ്ഥാന സമിതിയിലും ഇന്നുപ്രതിഫലിച്ചത്.

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. ചുരുക്കത്തിൽ, നിയമസഭയിൽ, ഇടതുതോൽവിക്ക് കാരണമായ കണക്കുനിരത്തിയും അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതും പാർട്ടി തള്ളുകയാണ്.
സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.

സർക്കാറിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ പറഞ്ഞു. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും പ്രതിനിധികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു.

പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യമാണ് യോഗത്തിൽ ഉയർന്നത്. നവകേരള സദസിന്റെ ഗുണം കിട്ടിയില്ലെന്നും അടിസ്ഥാന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.

തിരഞ്ഞെടുപ്പ് തോൽവി ഗൗരവമായി കണ്ടു കൊണ്ട് തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് സെക്രട്ടേറിയറ്റിൽ വിലയിരുത്തിയത്. തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കേട്ടതോടെ മാർഗ്ഗ രേഖ അന്തിമമാക്കും.

പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തിയിരുന്നു.

പെൻഷൻ അടക്കം സാധാരണക്കാരായ ജനങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകാൻ സർക്കാരിന് സാധിക്കാത്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എം വി ഗോവിന്ദൻ തുറന്നുപറഞ്ഞിരുന്നു. 62 ലക്ഷം ആളുകൾക്ക് കൊടുക്കേണ്ട പെൻഷൻ കൊടുത്തു തീർക്കാനായിട്ടില്ല. മറ്റുവിവിധ മേഖലയിലെ ആളുകൾക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങൾ പൂർണമായും കൊടുത്തു തീർക്കാനായിട്ടില്ല.അദ്ധ്യാപകർക്കുള്ള ഡി.എ. പൂർണമായും കൊടുത്തില്ല. പെൻഷൻകാർക്കുള്ള പണം മുഴുവനും കൊടുത്തിട്ടില്ല. അങ്കണവാടിമേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്.

ദുർബല ജനവിഭാഗം ഉൾപ്പെടെയുള്ള ആളുകൾക്ക് ലഭിക്കേണ്ടുന്ന, കൈത്തറിത്തൊഴിലാളി, കശുവണ്ടിത്തൊഴിലാളി നെയ്ത്ത് തൊഴിലാളി, അതുപോലെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ കൃത്യമായിട്ട് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ ഈ സാമ്പത്തിക പരാതീനതയുടെ ഭാഗമായി കൊടുത്തുതീർക്കാനായിട്ടല്ല. അവർ സംതൃപ്തരല്ല. അതൊക്കെ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. തുറന്ന മനസ്സോടെ തുറന്ന കണ്ണോടെ ഇതൊക്കെ ഞങ്ങൾ കാണുന്നുണ്ട്- എം വി ഗോവിന്ദൻ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ പിണറായി വിജയൻ പറഞ്ഞത് പോലെ കേന്ദ്രസർക്കാരിന് എതിരായ വിധി മാത്രമല്ല, സംസ്ഥാന ഭരണത്തിന് എതിരായ വികാരം കൂടിയാണെന്നാണ് ഗോവിന്ദൻ പരോക്ഷമായി വ്യക്തമാക്കിയത്.