- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം
തിരുവനന്തപുരം: നിയമസഭാ സമ്മേളനവും ലോക്‌സഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, മാസപ്പടി വിവാദം വീണ്ടും ഉയർന്നുവന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്‌ഐഡിസി മറുപടി പോലും നൽകാൻ തയ്യാറാകാത്തതിന് കൃത്യമായ മറുപടിയില്ല. രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താക്കുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്‌സാ ലോജിക് ഇടപാട് ശരിവച്ചത്. അങ്ങനെയെങ്കിൽ, കെഎസ്‌ഐഡിസി മൗനം പാലിച്ചതെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നേതാക്കൾക്ക് ഉത്തരം മുട്ടുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവ് അവഗണിക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ വാദവും ഇനി വിലപ്പോവില്ല. എക്‌സാലോജിക്കിന് പറയാനുള്ളത് കേട്ടില്ലെന്ന ആക്ഷേപത്തിലും ഇനി കഴമ്പില്ല. എക്‌സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്‌ളൂരുവിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.
എന്തായാലും കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ തന്നെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
അതേസമയം വിശദമായ അന്വേഷണത്തിനാണ് കേന്ദ്ര കമ്പനി കാര്യമന്ത്രാലയം മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുൻ എംഎൽഎ പിസി ജോർജ്ജിന്റെ മകനുമായ ഷോൺ ജോർജ്ജ് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എക്‌സാലോജികിനും സിഎംആർഎല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.