തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പട. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അനാരോഗ്യം മറയാക്കി പ്രതിപക്ഷനേതാവ് പാര്‍ട്ടിയെയും ഹൈജാക്ക് ചെയ്യുന്നു എന്ന വികാരം പൊതുവില്‍ ശക്തമാണ്. ഈ വികാരം പാര്‍ട്ടിവേദിയില്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെ സതീശനെതിര പാളയത്തില്‍ പട തുടങ്ങിയെന്ന സൂചനകളും പുറത്തുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ.പി.സി.സി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. . പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കെ.പി.സി.സിയുടെ അധികാരത്തില്‍ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സൂപ്പര്‍ പ്രസിഡന്റ് ചമയാനാണ് സതീശന്റെ ശ്രമമെന്ന വിധത്തിലാണ് വിമര്‍ശനം.

'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവര്‍ത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തന്‍ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്'- തുടങ്ങിയ വിമര്‍ശനങ്ങള്‍ നേതാക്കള്‍ ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അഡ്മിനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനെതിരെയും വിമര്‍ശനമുയര്‍ന്നു. ഇന്ന് രാത്രി ചേര്‍ന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് നേതാക്കള്‍ ആരോപണം ഉന്നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതിലും കെപിസിസി യോഗത്തില്‍ അതൃപ്തിയുണ്ടായി.

ജില്ലാചുമതല വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറല്‍സെക്രട്ടറിമാരാണ് വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടിവില്‍ മിഷന്‍-2025 ന്റെ ചുമതല പ്രതിപക്ഷനേതാവിന് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്.

പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറുപടിയും നല്‍കി.

കുറച്ചുകാലമായി കെ സുധാകരനും വി ഡി സതീശനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കെപിസിസി ഓഫീസിലേക്ക് പോലും പ്രതിപക്ഷ നേതാവ് എത്തുന്നത് വിരളമാണ്. കൂടാതെ കെ സുധാകരനൊപ്പം നില്‍ക്കുന്ന നേതാക്കളെ പ്രതിപക്ഷ നേതാവ് അവഗണിക്കുന്നു എന്നും വിമര്‍ശനമുണ്ട്. ഇതിനിടെയാണ സതീശനെതിരെ പാളയത്തില്‍ നിന്നും പടയൊരുക്കവും നടക്കുന്നത്.

അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി കെപിസിസി പദ്ധതികള്‍ തുടങ്ങിയിരുന്നു. മതസംഘടനകളും ആരാധനാലയങ്ങളുമായി പാര്‍ട്ടിക്കുണ്ടായിരുന്ന ഗാഢബന്ധം നഷ്ടപ്പെട്ടെന്നും സാധാരണ ജനങ്ങളുമായുള്ള ഇഴയടുപ്പം ഇല്ലാതായെന്നും കെപിസിസി. പാര്‍ട്ടിയുടെ ബന്ധം നഷ്ടപ്പെട്ടപ്പോള്‍ വര്‍ഗീയസംഘടനകളും വിശ്വാസവിരുദ്ധ നിലപാടുള്ള പാര്‍ട്ടികളും അവിടെ നുഴഞ്ഞുകയറി. ഇക്കാര്യത്തിലെ പോരായ്മ പരിഹരിക്കണമെന്ന്, തദ്ദേശ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനു സംഘടിപ്പിച്ച വയനാട് ക്യാംപ് എക്‌സിക്യൂട്ടീവിന്റെ തീരുമാനമായി താഴെത്തട്ടിലേക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

എല്ലാ ബ്ലോക്കുകളിലും പ്രവര്‍ത്തനം തുടങ്ങണം. ഒന്നിലേറെ സംഘടനകള്‍ ഈ മേഖലയിലുണ്ടെങ്കില്‍ അവയെ ഒറ്റ സംഘടനയാക്കണം. എല്ലാ നേതാക്കളും മാസത്തില്‍ ഒരു ദിവസം സ്വന്തം വാര്‍ഡില്‍ ചെലവഴിക്കണം. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ മാസത്തില്‍ 15 ദിവസം ആ ജില്ലകളിലുണ്ടായിരിക്കണം. പാര്‍ട്ടിയുടെ എല്ലാ ഘടകത്തിലും 'പെര്‍ഫോമന്‍സ് ഓഡിറ്റ്' നടപ്പാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കുള്ള മാര്‍ഗരേഖയും കൈമാറിയിരുന്നു.

ക്യാംപ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനു താഴെത്തട്ടിലേക്കു വെവ്വേറെ നിര്‍ദേശങ്ങള്‍ കൈമാറി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും. ക്യാംപ് കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ വി.ഡി.സതീശന്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു ഡിസിസികള്‍ക്കു രേഖാമൂലം നിര്‍ദേശം നല്‍കിയപ്പോള്‍, മാര്‍ഗരേഖ സഹിതം വിശദമായ സര്‍ക്കുലര്‍ 23നു കെപിസിസി നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഏകോപനച്ചുമതല പ്രതിപക്ഷ നേതാവിനാണ്. വാട്‌സാപ് ഗ്രൂപ്പിലെ സന്ദേശമായാണ് പ്രതിപക്ഷനേതാവ് നിര്‍ദേശങ്ങള്‍ കൈമാറിയത്. ഈ നിര്‍ദേശത്തിലാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്.