പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റുമായി എൽഡിഎഫ് ഘടക കക്ഷിയുടെ നേതാവ്. സ്വന്തം വീട് നന്നാക്കിയിട്ട് മതി, നാട് നന്നാക്കൽ' എന്നൊരു ചൊല്ലുണ്ടെന്നും ഇത് എല്ലാവർക്കും ബാധകമാണെന്നും പോസ്റ്റിൽ കുറിക്കുന്നു. ഐഎൻഎൽ വർക്കിങ് കമ്മറ്റിയംഗം എഎസ്എം ഹനീഫയാണ് ആരോഗ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിലെ സർക്കാർ ആതുരാലയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ട് ഫേസ് ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ പ്രശംസഅർഹിക്കുന്നതാണെങ്കിലും മന്ത്രിയുടെ സ്വന്തം നാട്ടിലെ ജനങ്ങൾ നിരാശയിലാണെന്ന് ഹനീഫ പറയുന്നു. ഗവ.മെഡിക്കൽ കോളജ് എച്ച്ഡിഎസ് അംഗം കൂടിയായ ഹനീഫ് ചുരുങ്ങിയ വാക്കുകളിൽ ജില്ലയിലെ സർക്കാർ ആതുരാലയങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

ഹനീഫയുടെ കുറിപ്പ് ഇങ്ങനെ:

ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങൾ പ്രശംസ അർഹിക്കുന്നതാണെങ്കിലും മന്ത്രിയുടെ സ്വന്തം നാട്ടിലെ ജനങ്ങൾ നിരാശയിലാണ്. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് നടന്നുപോയ ആൾ ഇന്ന് പള്ളിക്കാട്ടിൽ ഉറങ്ങുകയാണ്. ജനറൽ ആശുപത്രിയിൽ അഭയം തേടിയ ഇയാളെ ഒരു മണിക്കൂറോളം കഴിഞ്ഞ് നില വഷളായപ്പോൾ ഐ.സി.യു. കിടക്കയില്ലെന്ന് പറഞ്ഞ് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് തള്ളുകയാണുണ്ടായത്.എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ജനറൽ ആശുപത്രിയും ജില്ലാ ആശുപത്രിയും സ്വന്തം മണ്ഡലത്തിലുണ്ട്. മന്ത്രിക്ക് പ്രത്യേക താൽപര്യമുള്ള പത്തനംതിട്ടയുടെ മെഡിക്കൽ കോളജും തൊട്ടടുത്തു തന്നെയുണ്ട്. എന്നിട്ടും എന്തിനാണ് മന്ത്രീ അയാളെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്? ഇങ്ങനെ എത്രയോ സംഭവങ്ങൾ...! 'സ്വന്തം വീട് നന്നാക്കിയിട്ട് മതി, നാട് നന്നാക്കൽ' എന്നൊരു ചൊല്ലുണ്ട്. ഇത് എല്ലാവർക്കും ബാധകമാണ്

പത്തനംതിട്ട ജനറൽ ആശുപത്രിയെ സംബന്ധിച്ച് വിവാദങ്ങളും പരാതികളും അടുത്തിടെ വർധിച്ച് വരികയാണ്. ജനറൽ ആശുപത്രിയുടെ മേൽനോട്ട ചുമതല നഗരസഭയ്ക്കായിരുന്നു. മന്ത്രിയും നഗരസഭ ചെയർമാൻ ടി. സക്കീർഹുസൈനും തമ്മിലുള്ള ശീതസമരം മൂലം ജനറൽ ആശുപത്രിയുടെ ഭരണ ചുമതല ആരോഗ്യവകുപ്പ് പ്രത്യേക ഉത്തരവിലൂടെ ജില്ലാ പഞ്ചായത്തിന് നൽകി. ജില്ലാ ആശുപത്രികളുടെ ചുമതല മാത്രമാണ് സാധാരണ ജില്ലാ പഞ്ചായത്തുകൾക്കുള്ളത്. ഇത് മറികടന്നാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണ പരിധിക്കുള്ളിൽ വരാത്ത നഗരസഭയിലെ ആശുപത്രിയുടെ ചുമതല കൂടി നൽകിയിരിക്കുന്നത്. സിപിഎം ഭരിക്കുന്ന നഗരസഭയ്ക്ക് നേരെയാണ് മന്ത്രിയുടെ പ്രതികാര നടപടി. ഇതിനെതിരേ നഗരസഭയിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു.

ആശുപത്രിയിൽ മരുന്നില്ലെന്നും ജീവനക്കാർ രോഗികളോട് മോശമായി പെരുമാറുന്നുവെന്നുമുള്ള പരാതി വ്യാപകമാണ്. സാമൂഹിക പ്രവർത്തകനായ റഷീദ് ആനപ്പാറ തന്റെ ബന്ധുവിനുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. കണ്ണിൽ ഒഴിക്കാനുള്ള ഒരു തുള്ളി മരുന്നു പോലും ആശുപത്രിയിൽ ഇല്ലെന്നായിരുന്നു അത്. തൊട്ടുപിന്നാലെ മന്ത്രിയുടെ ഓഫീസ് റഷീദിനെ ബന്ധപ്പെടുകയും മരുന്നില്ലെന്ന് ഫാർമസിസ്റ്റ് കള്ളം പറഞ്ഞതാണെന്ന് അറിയിക്കുകയും ചെയ്തു. തെളിവായി മരുന്നിന്റെ സ്റ്റോക്ക് രജിസ്റ്റർ കാണിക്കുകയും ചെയ്തു. രോഗി ചെന്ന സമയം അവിടെ മരുന്നില്ലായിരുന്നു.

സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ പ്രക്കാനം സ്വദേശി പി.കെ. സുനിൽകുമാറിന് നേരിടേണ്ടി വന്നത് ജീവനക്കാരിയിൽ നിന്നുള്ള മോശം പെരുമാറ്റമായിരുന്നു. കാഷ്വാലിറ്റിയിൽ കാണിക്കാൻ വേണ്ടി ഓപി ടിക്കറ്റ് എടുക്കാൻ ചെന്ന സുനിൽ കുമാറിനെ ഗൗനിക്കാതെ ജീവനക്കാരി ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. ഇത് ചോദ്യം ചെയ്ത സുനിലിനോട് ജീവനക്കാരി തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. സുനിൽ നൽകിയ പരാതിയിൽ താൽക്കാലിക ജീവനക്കാരി സോണിയയ്ക്ക് ആശുപത്രി അധികൃതർ താക്കീത് നൽകി. ഇനിയും ആവർത്തിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്നും ഉത്തരവിൽ പറയുന്നു. മൂന്നു ദിവസത്തെ ശമ്പളം കട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.