പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ആഘാതത്തിലാണ് സിപിഎം. എന്തുകൊണ്ട് തോറ്റുവെന്ന പരിശോധന നടത്തുമ്പോൾ വിവിധ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. മുഖ്യമന്ത്രിക്കും നേതാക്കൾക്കും എതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ കേന്ദ്ര കമ്മറ്റി യംഗം എ കെ ബാലനെതിരെയും വിമർശനം ഉയർന്നു.

എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നാണ് വിമർശനം. പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും അംഗങ്ങൾ വിമർശനമുയർത്തി. ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അംഗങ്ങൾ വിമർശിച്ചു. ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറ്റവും ചർച്ചയായതായിരുന്നു എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമർശം.

തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലന്റെ പരാമർശം പിന്നീട് രാഷ്ട്രീയ എതിരാളികൾ സിപിഎമ്മിനെ പരിഹസിക്കാൻ ഉപയോഗിച്ചു. എ.വിജയരാഘവനെ പോലുള്ള പോളിറ്റ് ബ്യൂറോ അംഗത്തെ മത്സരിപ്പിച്ചിട്ടും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണ് പാലക്കാട് പാർട്ടി തോൽക്കാൻ കാരണമെന്നും യോഗം വിലയിരുത്തി.

നെല്ല് സംഭരണത്തിലെ പോരായ്മകളും, സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയുമാണ് പി.ബി അംഗത്തെ മത്സരിപ്പിച്ചിട്ടും പാലക്കാട് തോൽക്കാൻ കാരണമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. നെല്ല് സംഭരിച്ചതിന്റെ തുക കൃത്യമായി കർഷകർക്ക് സർക്കാർ നൽകിയില്ല, ഇത് പാലക്കാട് പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും നേതാക്കളിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു. യോഗത്തിൽ മുഖ്യമന്ത്രിക്കും, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം എറണാകുളം,പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും വിമർശനം ഉയർന്നിരുന്നു. മകൾക്കെതിരെ ആരോപണമുയർന്നപ്പോൾ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നൽകിയില്ല,മക്കൾക്കെതിരായ ആരോപണങ്ങളിൽ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും എറണാകുളം ജില്ലാ കമ്മിറ്റിയിൽ വിമർശനമുണ്ടായി. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ അംഗങ്ങളുടെ വിമർശനം.

പാർട്ടിക്കും, തനിക്കും പങ്കില്ലെന്നു കോടിയേരി പറഞ്ഞെങ്കിൽ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ നടത്തിയത് അതിരുവിട്ട വാക്കുകളെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും വിമർശനമുയർന്നു.

മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നെന്നായിരുന്നു പത്തനംതിട്ടയിലെ വിമർശനം. മുപ്പതിനായിരത്തിലധികം ഉറച്ച ഇടത് വോട്ടുകൾ ചോർന്നു, പാർട്ടി കത്തുകൊടുത്തിട്ട് പോലും ഒന്നും നടക്കുന്നില്ലെന്നും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും നേതാക്കൾ യോഗത്തിൽ പറഞ്ഞു.