- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം
കണ്ണൂർ: സിപിഎം ജില്ല സെക്രട്ടറി അഭിപ്രായം വ്യക്തമാക്കിയ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ പി ജയരാജൻ സൂപ്പർ സെക്രട്ടറി ചമഞ്ഞു എന്നാണ് പാർട്ടിയിൽ നിന്ന് പുറത്തുപോയ യുവ നേതാവ് മനു തോമസ് വിമർശിച്ചത്. ഇതേ വിമർശനം തന്നെയാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും ജയരാജന് എതിരെ ഉയർന്നത്. മനു തോമസ് വിഷയത്തിൽ പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കി.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി. ജയരാജനെതിരെ ചില അംഗങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതൽ വഷളായെന്നും വിമർശനമുണ്ടായി. ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇടയാക്കിയത് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
സിപിഎമ്മിൽനിന്ന് പുറത്തുപോയതിനെ തുടർന്നാണ് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കണ്ണൂരിലെ ചില സിപിഎം. നേതാക്കൾക്ക് ക്വട്ടേഷൻ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത്. പി. ജയരാജൻ വിഷയത്തിൽ പ്രതികരിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടർന്ന് വിഷയം വലിയ ചർച്ചയാകുകയും തുടർ പ്രതികരണങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് പി. ജയരാജനെന്ന് മനു തോമസ് പറഞ്ഞിരുന്നു. ക്വാറി മുതലാളിക്കുവേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെവരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമുക്ക് പറയാമെന്നും മനു തോമസ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
മൗനം വിദ്വാന് ഭൂഷണം
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മടങ്ങിയ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് 'മൗനം വിദ്വാനു ഭൂഷണം' എന്ന് മറുപടി നൽകിയത്. ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന. വിഷയത്തിൽ സിപിഎം സംസ്ഥാന എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.