തിരുവനന്തപുരം: പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ മനോവിഷമം ഉണ്ടാക്കിയെന്നും എന്നാൽ ഒരു പദവിയില്ലെങ്കിലും താൻ ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി പ്രവർത്തിക്കുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷമം ഉണ്ടായത് സത്യമാണെന്നും കോൺഗ്രസ് വർക്കിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ചില അസ്വാഭാവികത തോന്നിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇല്ലെന്നാണ് ചെന്നിത്തല പറയുന്നത്.

കേരളത്തിന്റെ പ്രതിപക്ഷ നേതൃസ്ഥാനം വിട്ട ശേഷം രണ്ടുവർഷമായി പാർട്ടിയിൽ ഒരു പദവിയും ഇല്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ സ്ഥിരം ക്ഷണിതാവാക്കിയതിൽ നന്ദിയുണ്ടെന്നും 19 വർഷം മുമ്പ് പ്രവർത്തിച്ച അതേ പദവിയാണ് ഇതെന്നും പറഞ്ഞു. പാർട്ടിയിൽ വ്യക്തിപരമായ സ്ഥാനങ്ങൾക്കല്ല പ്രാധാന്യമെന്നും പാർട്ടിയെ താൻ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പാർട്ടി ജീവശ്വാസമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കേരളത്തിൽ നിന്നും ദേശീയ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ യോഗ്യതയുള്ളവരാണെന്നും പറഞ്ഞു.

കോൺഗ്രസ് വലിയ ഉത്തരവാദിത്വങ്ങൾ മുമ്പ് തന്നിട്ടുണ്ട്. അന്ന് പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്കുവേണ്ടിയും തികഞ്ഞ ആത്മാർത്ഥതയോടും സത്യസന്ധതയോടും വിനിയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം മാറിയ ശേഷം പാർട്ടിക്ക് വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും 24 മണിക്കൂറുകളും പ്രവർത്തിച്ചു. ഈ അഴിമതി സർക്കാരിനെ തുറന്നുകാട്ടാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരേയും പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ കാര്യമില്ല.

പ്രവർത്തക സമിതി തെരഞ്ഞെടുപ്പിൽ തന്നേക്കാൾ ജൂനിയറായ ആൾക്കാർക്ക് പ്രധാന്യം നൽകിയപ്പോൾ ഉണ്ടായ സ്വാഭാവിക മനോവിഷമം ആയിരുന്നെന്നും എന്നാൽ തന്റെ വ്യക്തിത്വത്തിന് പ്രസക്തിയില്ലെന്നും ഒരു പദവിയിലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും പറഞ്ഞു. കോൺഗ്രസുകാർ മാധ്യമങ്ങൾക്ക് മുന്നിൽ ഒളിച്ചോടുന്നവർ അല്ലെന്നും പറയാനുള്ളത് പറയുമെന്നും അത് ഹൈക്കമാന്റിന്റെ ധരിപ്പിക്കുമെന്നും പറഞ്ഞു. 16 ന് ചേരുന്ന കോൺഗ്രസിന്റെ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കുമെന്നും പറഞ്ഞു.

പുതുപ്പള്ളിയിലെ വിജയത്തിൽ അഭിമാനിക്കുന്നു എന്നും അതിൽ ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും പറഞ്ഞു. 20 ദിവസം തുടർച്ചയായി പുതുപ്പള്ളി മണ്ഡലത്തിൽ ചെലവഴിച്ച് ചാണ്ടി ഉമ്മന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. തന്റെ സുഹൃത്തായ ഉമ്മൻ ചാണ്ടിയുടെ മകന്റെ വിജയത്തിനായി പാർട്ടി തന്നെ ഏൽപ്പിച്ച ചുമതല ഭംഗിയായി നിറവേറ്റാനുമായി കോട്ടയത്തെ മൂൻ എംപി എന്ന നിലയിൽ പുതുപ്പള്ളിയിലെ ജനങ്ങളുമായുള്ള ബന്ധം ഉപയോഗിക്കാനും കഴിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.

വിജയത്തിൽ അഹങ്കരിക്കാനില്ലെന്നും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റൻ വിജയങ്ങൾ കോൺഗ്രസിന് കൂടുതൽ ഉത്തരവാദിത്വം നൽകിയിരിക്കുകയാണ് എന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.