നെടുങ്കണ്ടം: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരേ രൂക്ഷവിമർശനവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് നടത്തിയത് സീമകൾ ലംഘിക്കുന്ന പദപ്രയോഗം. ഡീൻ കുര്യാക്കോസ് പാഴ്ജന്മമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയുമായി യൂത്ത് കോൺഗ്രസും രംഗത്തു വന്നു.

ബാഹുബലി സിനിമയിലെ പോലെ പന വളച്ചുകെട്ടി ഹീറോ ആകാൻ പറ്റാത്ത സാഹചര്യത്തിൽ ചെറുതോണിയുടെ പാലം വളച്ചു കെട്ടി ഡീൻ നിർവൃതി കൊള്ളുകയാണെന്നും സി.വി. വർഗീസ് പരിഹസിച്ചു. ജോയ്‌സ് ജോർജ് കൊണ്ടുവന്ന പാലത്തിന്റെ അലൈന്മെന്റ് മാറ്റിയ ഡീൻ കുര്യാക്കോസിന്റേത് എട്ടുകാലി മമ്മൂഞ്ഞിന്റെ നിലപാടാണ്. അടുത്ത തെരഞ്ഞെടുപ്പുകളിൽ പി.ജെ. ജോസഫിന്റെ തൊടുപുഴ മണ്ഡലവും ഡീൻ കുര്യോക്കാസിന്റെ ഇടുക്കി ലോക്‌സഭാ മണ്ഡലവും എൽഡിഎഫ് തിരിച്ചു പിടിക്കുമെന്നും സി.വി. വർഗീസ് പറഞ്ഞു.

അതിനിടെ സി.വി. വർഗീസിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. വർഗീസ് കുറച്ചു നാളുകളായി ചിത്തഭ്രമത്തിന്റെ മൂർധന്യാവസ്ഥയിലാണെന്നും അദ്ദേഹത്തെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിക്കണമെന്നും യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അരുൺ പറഞ്ഞു. ഇതോടെ വിമർശനത്തിന് പുതിയ തലം വരികയാണ്.

എം.എം. മണി ഈ നാടിനു ബാധ്യതയാണെന്നും മണിയുടെ തിട്ടൂരം അംഗീകരിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞിരുന്നു. മണിയുടെ ചെലവിലല്ല ഞങ്ങൾ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡീനിനെതിരായ സിപിഎം കടന്നാക്രമണം. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ നമ്മളെയാരെയും അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എംഡി പിന്നീടാണ് വിളിക്കുന്നത്. ഈ ദിവസങ്ങളിൽ വിദേശത്ത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

സ്ഥലം എംഎൽഎ പി.ജെ. ജോസഫ് പത്രത്തിലൂടെയാണ് ഈ പരിപാടിയുടെ വിവരം അറിയുന്നത്. രണ്ടാം യുപിഎ സർക്കാരാണ് സ്‌പൈസസ് പാർക്ക് അനുവദിച്ചതെന്നും കുര്യാക്കോസ് പറഞ്ഞു. സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ ഡീൻ കുര്യാക്കോസും പി.ജെ. ജോസഫും പങ്കെടുക്കാത്തതിനെതിരെ മണി രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസിന്റെ മറുപടി. ഇതോടെയാണ് ഇടുക്കിയിൽ നേതാക്കൾ തമ്മിലെ വാക് പോര് പുതിയ തലത്തിലെത്തിയത്.