ന്യൂഡല്‍ഹി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ. എം. മുകേഷ് തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. യുഡിഎഫ് അതു ചെയ്യാത്തതുകൊണ്ട് ഞങ്ങളും അതു ചെയ്യില്ല എന്ന വാദം ശരിയല്ല എന്ന് സിപിഎം ഔദ്യോഗിക വെബ്‌സൈറ്റിലെ ലേഖനത്തില്‍ ബൃന്ദ തുറന്നടിക്കുന്നു.

മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി ബൃന്ദാ കാരാട്ട് രംഗത്ത് വന്നത്. ലൈംഗിക ചൂഷണ ആരോപണ വിധേയനായ കൊല്ലം എം.എല്‍.എ. എം. മുകേഷ് സ്ഥാനത്തു തുടരുന്നതിനെ കുറിച്ചും ബൃന്ദയുടെ ലേഖനത്തില്‍ പരോക്ഷമായ പരാമര്‍ശമുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അനന്തരഫലത്തെ കുറിച്ച് ചില ചിന്തകള്‍ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

ലൈംഗിക ചൂഷണ ആരോപണ വിധേയരായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചില്ലല്ലോ ഇപ്പോഴും തുടരുന്നല്ലോ എന്ന മറുവാദം ഉയര്‍ത്തിയാണ് മുകേഷ് ഇപ്പോള്‍ രാജിവെക്കേണ്ടതില്ല എന്ന നിലപാട് സി.പി.എം. കൈക്കൊണ്ടിരുന്നത്. മുന്നണി കണ്‍വീനര്‍ തന്നെ ഈ നിലപാട് വ്യാഴാഴ്ച പറയുകയും ചെയ്തു. എന്നാല്‍ ഈ നിലപാട് ശരിയല്ലെന്ന പരോക്ഷ പരാമര്‍ശമാണ് ബൃന്ദയുടെ ലേഖനത്തിലുള്ളത്.

എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്തതു കൊണ്ട് ഞാന്‍ ഇങ്ങനെ ചെയ്തുവെന്ന വിധത്തിലുള്ള നിലപാട് അല്ല വിഷയത്തില്‍ കൈക്കൊള്ളേണ്ടതെന്ന് ഹിന്ദിയിലുള്ള ഒരു പ്രയോഗത്തിലൂടെ ബൃന്ദ ലേഖനത്തില്‍ പറയുന്നു. ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയരായ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നെന്നും ബൃന്ദ വിമര്‍ശിക്കുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് വിഷയത്തിലെ പരോക്ഷ വിമര്‍ശനം.

ഹേമാ കമ്മിറ്റി രൂപവത്കരിക്കപ്പെട്ടതിനെയും ഇടതുസര്‍ക്കാരിന്റെ നിലപാടിനെയും ലേഖനത്തില്‍ ബൃന്ദ പ്രകീര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ചൂഷണ ആരോപണ വിധേയനായ മുകേഷിനെതിരേ കേസ് എടുത്തതിലൂടെ സര്‍ക്കാര്‍ കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണത്തിന് പിന്നിലെ തരംതാണ രാഷ്ട്രീയം വെളിപ്പെട്ടുവെന്നും ബൃന്ദ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും എന്ന ലേഖനത്തിലാണ് ബൃന്ദയുടെ വിമര്‍ശനം. ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ അഭിനന്ദിക്കുന്നു. സിനിമാ മേഖലയെ ചൂഷണങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, അതുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിച്ചതും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ നടപടിയാണെന്ന് ബൃന്ദ സൂചിപ്പിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ലഭിച്ച പരാതിയില്‍ സിപിഎം എംഎല്‍എയായ മുകേഷിനെതിരെ പൊലീസ് കേസെടുത്ത കാര്യം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളത്തില്‍ ഇടതു സര്‍ക്കാരെടുത്തിരിക്കുന്ന നടപടികളെ മോശപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം ആരോപണം അഴിച്ചു വിടുന്നത്. കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ക്കെതിരെ ബലാത്സംഗ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ള കോണ്‍ഗ്രസാണ് മുകേഷിന്റെ വിഷയം ഉന്നയിച്ച് പ്രതികരണം നടത്തുന്നതെന്ന് ബൃന്ദ ആരോപിച്ചു.

തുടര്‍ന്ന് നിങ്ങള്‍ അത് ചെയ്തു, അതുകൊണ്ട് ഞങ്ങളും ചെയ്തു എന്ന ബാലിശമായ വാദം ഉന്നയിച്ച് പ്രതിരോധം തീര്‍ക്കുന്നത് ശരിയല്ലെന്ന്, സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ ബൃന്ദ പരോക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ മുകേഷ് രാജിവെക്കണമെന്നോ, സംഘടനാ നടപടി വേണമെന്നോ ലേഖനത്തില്‍ ബൃന്ദ കാരാട്ട് വ്യക്തമാക്കിയിട്ടില്ല. ബലാത്സംഗക്കേസില്‍ പൊലീസ് കേസെടുത്തെങ്കിലും മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. പീഡനക്കേസില്‍ പ്രതികളായ യുഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലല്ലോ എന്ന് ഇടതു കണ്‍വീനര്‍ ഇപി ജയരാജന്‍ ചോദിച്ചിരുന്നു.