തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് വഴങ്ങി സർക്കാർ ആശുപത്രികളുടെ പേര് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റിയോ? പേര് മാറ്റത്തെ ചൊല്ലിയുള്ള ഉടക്ക് ഉപേക്ഷിച്ചെന്നും ആരോഗ്യ വകുപ്പ് നിലപാട് തിരുത്തിയെന്നുമാണ് വാർത്ത വന്നത്. എന്നാൽ സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമെന്ന് ആരോഗ്യ വകുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഇനിയും ആ പേരുകളിൽ തന്നെ അറിയപ്പെടും. നെയിം ബോർഡുകളിൽ ആ പേരുകളാണ് ഉണ്ടാകുക. ബ്രാൻഡിംഗായി കേന്ദ്ര സർക്കാർ നിർദ്ദേശിച്ച 'ആയുഷ്മാൻ ആരോഗ്യ മന്ദിർ', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകൾ കൂടി ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെ ആരോഗ്യവകുപ്പ് കേന്ദ്രത്തിന് വഴങ്ങിയെന്നാണ് വാർത്ത വന്നത്. ആയുഷ്മാൻ ആരോഗ്യ മന്ദിർ', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകൾ ചേർക്കുന്നതോടെ എൻഎച്ച്എം ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ.

നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിബന്ധനകൾക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.

കോ ബ്രാൻഡിങ് ആയിട്ടാണ് പേര് വെക്കുക എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നേരത്തെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് പേരുമാറ്റില്ല എന്ന് ആരോഗ്യവകുപ്പ് നിലപാട് എടുത്തിരുന്നു.