- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണിയിൽ വിള്ളലുണ്ടാക്കി ബജറ്റിലെ അതൃപ്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാർക്ക് വിശേഷിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിലിന് അതൃപ്തി ഉണ്ടെന്ന് വാർത്തകൾ വന്നിരുന്നു ബജറ്റിൽ സപ്ലൈകോയ്ക്ക് പണം അനുവദിക്കാത്തതാണ് അതൃപ്തിക്ക് പിന്നിലെ കാരണം. കരാറുക്കാർക്ക് കോടികൾ കുടിശിക നൽകാനുള്ള പണവും ബജറ്റിൽ പ്രഖ്യാപിച്ചില്ല. ബജറ്റ് അവതരണ ശേഷം ധനമന്ത്രിക്ക് കൈകൊടുക്കാനും ഭക്ഷ്യമന്ത്രി വിസമ്മതിച്ചിരുന്നു. സിപിഐയിലെ മറ്റ് മന്ത്രിമാർക്കും ബജറ്റിൽ അതൃപതിയുണ്ടെന്നാണ് വാർത്ത വന്നത്. ഏറ്റവുമൊടുവിൽ സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമർശനവും പരിഹാസവും ഉയർന്നതായാണ് റിപ്പോർട്ട്.
ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് പ്രധാനമായും വിമർശനമുയർന്നത്. വിദേശ സർവകലാശാല വിഷയത്തിലും മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് സംസ്ഥാന കൗൺസിൽ അംഗം ആർ. ലതാദേവി പരിഹസിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയാണ് ആർ. ലതാദേവി. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചെലവിടുന്നെന്ന് വി.പി. ഉണ്ണിക്കൃഷ്ണൻ വിമർശിച്ചു.
ആലോചനയില്ലാതെ തയാറാക്കിയ ബജറ്റാണിതെന്നും വീണ്ടും അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈകോയെ തീർത്തും അവഗണിച്ചതായും യോഗത്തിൽ വിമർശനമുയർന്നു. ബജറ്റ് തയാറാക്കുമ്പോൾ മുൻപൊക്കെ കൂടിയാലോചന നടന്നിരുന്നു. എന്നാൽ ഇപ്പോഴതില്ല. പാർട്ടി വകുപ്പുകളോട് ഭിന്നനയമാണ്. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പു നൽകി. പറയേണ്ട വേദികളിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വിദേശ സർവകലാശാലക്ക് എതിരെയും വിമർശനം ഉണ്ടായി. വിദേശ സർവകലാശാല വിഷയത്തിൽ മുന്നണിയുടെ നയവ്യതിയാനമാണ് നടക്കുന്നത്. എതിർത്ത് ലേഖനം എഴുതിയവർ ഇപ്പോൾ നടപ്പാക്കുന്നു. വിഷയം മുന്നണിയിൽ ഉന്നയിക്കണമെന്നും ആവശ്യമുയർന്നു. വിദേശ സർവകലാശാല നയ വ്യതിയാനം എന്ന് ബിനോയ് വിശ്വവും സമ്മതിച്ചു. മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ ക്ഷാമം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്തവകയിൽ സപ്ലൈകോയ്ക്ക് ഏറെനാളായി സർക്കാർ പണം നൽകിയിട്ടില്ല. കോടികൾ കുടിശികയായതോടെ സാധനങ്ങൾ നൽകാൻ കരാറുകാരും തയ്യാറല്ല. ആറ് മാസത്തിലധികമായി സപ്ലൈകോ ഔട്ട്ലൈറ്റുകളിൽ സബ്സിഡി സാധാനങ്ങളും കിട്ടാനില്ല.
സർക്കാരിനോട് സബ്‌സിഡി നൽകിയ ഇനത്തിലുള്ള 1094.55 കോടി രൂപയാണ് സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ 215 കോടി രൂപ നൽകിയിട്ടുണ്ട്.ഇതിൽ 2022-23 സാമ്പത്തികവർഷം ഒരുരൂപപോലും സർക്കാർ നൽകിയിട്ടില്ല.