തിരുവനന്തപുരം: വീണ്ടും ചിലത് തുറന്നു പറഞ്ഞ് സിപിഐ നേതാവ് സി ദിവാകരൻ. തെരഞ്ഞെടുപ്പിൽ ജാതി വിവേചനമാണ് തോൽവിക്ക് കാരണമെന്ന് സി ദിവാകരൻ പറയുന്നു. നാലു തെരഞ്ഞെടുപ്പിൽ മത്സരിച്ചു. മൂന്നെണ്ണത്തിൽ വിജയിച്ചു. നാലാം തെരഞ്ഞെടുപ്പിൽ കടുത്ത സാഹചര്യമാണ് നേരിട്ടത്. കൊടും ജാതിയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളിൽ വോട്ടർമാർ തമ്മിൽ ചോദിക്കുന്നത് താൻ നേരിട്ടു കേട്ടിട്ടുണ്ട് എന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ദിവാകരൻ മത്സരിച്ച് തോറ്റിരുന്നു.

ശശി തരൂരിനെതിരെയാണ് മത്സരിച്ചത്. എന്നാൽ ഇവിടെ സിപിഐ മൂന്നാമത് പോയി. തരൂർ ജയിച്ചപ്പോൾ ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് രണ്ടാമത് എത്തിയത് ബിജെപിയാണ്. ഈ തോൽവിയിലാണ് ദിവാകന്റെ പുതിയ ആരോപണം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സി ദിവാകരന്റെ പ്രസ്താവന. കേരളത്തിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലും സവർണ്ണ മേധാവിത്വമാണെന്ന് മുൻ മന്ത്രി പറയുന്നു.

'നമ്മുടെ ആളാണോയെന്ന് തമ്മിൽ തമ്മിൽ ചോദിക്കുന്നു. ഇതൊരു നാടൻ പ്രയോഗമാണ്. ഇതു കേട്ടതോടെ തോൽക്കുമെന്ന് ഉറപ്പായി. സെക്രട്ടേറിയറ്റിൽ അഞ്ചു കൊല്ലം ഇരുന്നവനാണ് താൻ. സെക്രട്ടേറിയറ്റ് സവർണ മേധാവിത്വത്തിന്റെ കേരളത്തിലെ ആദ്യത്തെ കേന്ദ്രമാണത്. ഒന്നും ചെയ്യാൻ പറ്റില്ല, സമ്മതിക്കില്ല. ചിലർക്ക് ഇഷ്ടമില്ലാത്തത് ചെയ്താൽ നിഗൂഢമായി ബ്ലാക്ക് മെയിൽ ചെയ്ത് പൊതു ജീവിതത്തിൽ നിന്നും ഇല്ലാതാക്കും. ഇന്നും പല തരത്തിൽ ഇതു തുടരുകയാണ്. സവർണർക്ക് വേണ്ടി വിടുപണി ചെയ്യുന്നത് നമ്മുടെ വിധിയാണെന്ന് കരുതുന്ന അടിമ മനോഭാവം ഇപ്പോഴും നമുക്കുണ്ടെന്നും' മുൻ മന്ത്രി സി ദിവാകരൻ പറയുന്നു.

വൈക്കം സത്യാഗ്രഹം- തിരസ്‌കരിക്കപ്പെടുന്ന കേരളചരിത്രം എന്ന പുസ്തക പ്രകാശനച്ചടങ്ങിലാണ് മുന്മന്ത്രിയുടെ തുറന്നുപറച്ചിൽ. കൊടും ജാതീയത മൂലം കേരളത്തിലെ പല രാഷ്ട്രീയനേതാക്കൾക്കും പൊതു ജീവിതം അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സി ദിവാകരൻ സൂചിപ്പിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ മോഡൽ പൊതുവേ അംഗീകരിക്കപ്പെട്ടതാണ്. ഇതിലാണ് സിപിഐ നേതാവ് സംശയങ്ങളുർത്തുന്നത്.

പ്രായ പരിധി കടന്നുവെന്നതിനെ തുടർന്ന് സിപഐയുടെ ഉന്നത നേതൃത്വങ്ങളിൽ നിന്നും ദിവാകരനെ ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം പല തുറന്നു പറച്ചിലും വിവാദമായി. ദിവാകരന്റെ ആത്മകഥയും രാഷ്ട്രീയ ചർച്ചയായി. ഈ നേതാവാണ് വീണ്ടും ജാതീയത ചർച്ചയാക്കുന്ന പരാമർശം നടത്തുന്നത്.