തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോടിന് പുറമേ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളും ജാഗ്രത പുലർത്തുന്നു. അതിനിടെ, ആരോഗ്യ വകുപ്പിനും മന്ത്രിക്കും എതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധനും, അഖിലേന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ.എസ് എസ് ലാൽ.

ആരോഗ്യമന്ത്രിയെ മാറ്റണമെന്നാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. 'പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്.ആരോഗ്യവകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം', ഡോ എസ് എസ് ലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

എസ് എസ് ലാലിന്റെ കുറിപ്പിന്റെ പൂർണരൂപം:

ആരോഗ്യ മന്ത്രിയെ മാറ്റണം

മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യവകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസ് കാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്. ശ്രീമതി വീണയ്ക്ക് അവർക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നൽകിയാൽ പ്രശ്‌നം തീരുമല്ലോ. ആരോഗ്യരംഗത്ത് നിൽക്കുന്ന പരിചയ സമ്പന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യമന്ത്രിയോട് വ്യക്തിപരമായ ഒരു എതിർപ്പുമില്ല. രാഷ്ട്രീയരംഗത്ത് നിൽക്കുന്ന ഒരു വനിതയെന്ന നിലയിൽ അവരോട് അധിക ബഹുമാനം മാത്രം.

ഡോ: എസ്.എസ്. ലാൽ

മുമ്പും ആരോഗ്യ വകുപ്പ് പരാജയമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഡോ. എസ് എസ് ലാൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇട്ടകുറിപ്പിൽ, പ്രതിരോധ കുത്തിവയ്പിലൂടെ ഒഴിവാക്കാവുന്ന പേവിഷബാധ മൂലം നിരവധി പേർ മരിക്കുന്ന സാഹചര്യമുണ്ടായിട്ടും ആരോഗ്യമന്ത്രി അത്യാവശ്യം വേണ്ട നടപടികൾ പോലും സ്വീകരിക്കാതിരുന്നത് കുറ്റകരമാണെന്ന് ഡോ എസ് എസ് ലാൽ വിമർശിച്ചിരുന്നു.

'കേരളത്തിലെ ആരോഗ്യപശ്‌നങ്ങൾ സ്വന്തം ഇമേജിന്റെ പ്രശ്‌നമായി കാണുന്ന രീതിയാണ് ഈ ആരോഗ്യമന്ത്രിയും തുടരുന്നത്. മുഖ്യമന്ത്രി പറഞ്ഞ പ്രകാരം വിദഗ്ദ്ധസമിതിയെ നിയമിക്കുന്നതിന് പകരം പാർട്ടി അനുഭാവികളായ ചില ഡോക്ടർമാരെക്കൊണ്ട് വിദഗ്ദ്ധരുടെ വേഷം കെട്ടിക്കുകയാണ്. കോവിഡ് കാലത്തും ഇവരാണ് സകല പരാജയങ്ങൾക്കും പിന്നിലുണ്ടായിരുന്നത്. അബദ്ധജഡിലമായ ന്യായീകരണ വീഡിയാകളുമായി ഇറങ്ങിയിട്ടുള്ള ഇത്തരം ചില പാർട്ടി ഡോക്ടർമാർ ചികിത്സാ സമൂഹത്തിനും നാണക്കേടുണ്ടാക്കുകയാണ്. ചിലർ വീട്ടിലിരുന്ന് പ്രഖ്യാപിക്കുന്ന സ്വന്തം നിഗമനങ്ങളാണ് ഇന്ന് സംസ്ഥാന സർക്കാരിന്റെ നയങ്ങളായി മാറുന്നത്. വാക്‌സിന്റെ ഗുണനിലവാരം അടിയന്തിരമായി പരിശോധിക്കാനുള്ള നടപടികൾ തടഞ്ഞതിന് ഇവരും ഉത്തരവാദികളാണ്, -കഴിഞ്ഞ വർഷം ഡോ.എസ്.എസ്. ലാൽ കുറിച്ചു.

2021 സെപ്റ്റംബറിൽ ഇട്ട മറ്റൊരു പോസ്റ്റിൽ മന്ത്രി ചെയ്യേണ്ടതു മാത്രം മന്ത്രി ചെയ്യണം എന്ന തലക്കെട്ടിൽ അദ്ദേഹം ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജ് രോഗബാധയുള്ള ജില്ലയിൽ ചെന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെയാണ് ഡോ. എസ്.എസ്.ലാൽ അന്നുവിമർശിച്ചത്. സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രിമാർ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസ്സിനൊപ്പംനിന്ന് ആത്മധൈര്യം കൊടുക്കുന്നതും നല്ലതാണെന്നും എന്നാൽ രോഗാണുക്കൾക്ക് വിഐപിമാരെ തിരിച്ചറിയാനുള്ള മാർഗമില്ലാത്തതിനാൽ അവയ്ക്കു മുന്നിൽ ചെന്നുപെടാതെ നോക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.

ആരോഗ്യപ്രവർത്തകർക്ക് അവർ പഠിച്ച സുരക്ഷാ മാർഗങ്ങൾ ഓർമയുണ്ടാകും. ഇതു പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കും. ലാത്തിച്ചാർജിനും തീയണയ്ക്കാനും
ഒക്കെ ആഭ്യന്തരമന്ത്രി നേരിട്ടു പോകാറില്ലെന്നത് ഓർത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.