കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന്റെ മകൻ ജയ്ൻരാജിനെതിരെ പരോക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തി. അർജുൻ ആയങ്കിയുടെ വിവാഹത്തിൽ പങ്കെടുത്ത ചിത്രം സഹിതം ഡിവൈഎഫ്ഐ പാനൂർ ബ്‌ളോക്ക് സെക്രട്ടറി കിരൺ പാനൂരിനെതിരെ കഴിഞ്ഞ ദിവസം ജയ്ൻരാജ് ഫേസ്‌ബുക്ക് കുറിപ്പ് ഇട്ടിരുന്നു.

ഇതിന് മറുപടിയുമായിട്ടാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത് കിരണിനെ അപകീർത്തി പെട്ടുതാനുള്ള ശ്രമം കുബുദ്ധികളുടെതാണ്. അർജുൻ ആയങ്കി വിഷയം സംഘടന ചർച്ച ചെയ്തു തെറ്റുതിരുത്തൽ പ്രക്രിയയ്ക്കു വിധേയമാക്കിയതാണെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയും ഉറ്റ സുഹൃത്തുമായ അർജുൻ ആയങ്കിയുടെ കല്യാണത്തിന് 30 കിലോമീറ്റർ അപ്പുറം കല്യാണം കൂടാൻ പോയത് ഇവർ തമ്മിലൊരു ബന്ധവുമില്ലാത്തതുകൊണ്ടായിരിക്കുമെന്നാണ് ജയിൻരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഇതിനെതിരെയാണ് ഡിവൈഎഫ്ഐ രംഗത്തുവന്നത്. ഡിവൈഎഫ്ഐ പാനൂർ ബ്‌ളോക്ക് സെക്രട്ടറിക്കെതിരെ സഭ്യേതര പ്രയോഗങ്ങൾ ആരു നടത്തിയാലും അംഗീകരിക്കില്ലെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സിപിഎം സൈബർ പോരാളി ആകാശ് തില്ലങ്കേരി ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. തന്നെ വിമർശിച്ച ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെയായിരുന്നു ആകാശിന്റെ വിമർശനം.

ഇതിനെതിരെ ഡി.വൈ എഫ്. ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. മട്ടന്നുരിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ അപമര്യാദയായി പോസ്റ്റിട്ടതിന് ആകാശ് തില്ലങ്കേരി ക്കെതിരെ കേസെടുക്കുകയും കാപ്പ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ജെയ്ൻ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിനെതിരെ മോശം പ്രതികരണം ഫേസ്‌ബുക്കിലിട്ടത്. ഇത്തരക്കാരാണ് സംഘടനയെ ഭാവിയിൽ നയിക്കേണ്ടത് എന്ന് മോശം ഭാഷയിലുള്ള വാക്കുപയോഗിച്ച് ജെയ്ൻ ഫേസ് ബുക്കിൽ കുറിച്ചു. തൊട്ടു പിന്നാലെ കിരൺ അർജുൻ ആയങ്കിയുടെ വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ച് സ്വർണക്കടത്ത് കേസിൽ പങ്കുള്ള ഒരാളാടൊപ്പമാണ് വിവാഹത്തിൽ കിരൺ പങ്കെടുത്തതെന്നുള്ള ആരോപണവും ജെയ്‌നിന്റെ ഭാഗത്തുനിന്നുണ്ടായി.

ഇതോടെ പോസ്റ്റ് ചർച്ചയായി. വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വീണ്ടും ഫേസ്‌ബുക്കിൽ പോരിൽ നിറഞ്ഞതോടെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി വിശദീകരണവുമായി വാർത്താകുറിപ്പിറക്കിയത്.