തൃശൂർ: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റപ്പെട്ട എൻ.വി.വൈശാഖനെ കമ്മിറ്റികളിൽ നിന്നും ഒഴിവാക്കി സംഘടനയിൽ അഴിച്ചുപണി. വി.പി.ശരത് പ്രസാദ് ആണ് പുതിയ ജില്ലാ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

നേരത്തെ വനിതാ നേതാവിന്റെ പരാതിയിൽ സ്ഥാനം നഷ്ടപ്പെട്ട വൈശാഖനെ തരംതാഴ്‌ത്തണമെന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിരുന്നു. വൈശാഖനോടു നിർബന്ധിത അവധിയിൽ പോകാനും പാർട്ടി ആവശ്യപ്പെടുകയുണ്ടാി. വനിതാ നേതാവിന്റെ പരാതിയിൽ നടപടി എത്തിയതിന് പിന്നാലെയാണ് പാറമട വിവാദവും വൈശാഖന് കുരുക്കായി മാറിയത്.

സർക്കാർ സ്ഥലത്തുനിന്നും പാറ പൊട്ടിച്ചുകടത്തിയ സംഭവത്തിൽ, പരാതി പിൻവലിക്കാൻ വൈശാഖൻ ഇടപെട്ടുവെന്നു പരാതിക്കാരനായ തൃശൂർ സ്വദേശി അജിതുകൊടകര ആരോപിച്ചിരുന്നു. പരാതി പിൻവലിക്കാൻ വൈശാഖൻ പണം വാഗ്ദാനം ചെയ്യുന്ന വിഡിയോയും പുറത്തുവന്നു. തൃശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ അജിത് വിജിലൻസിനു നൽകിയ പരാതി പിൻവലിക്കണമെന്നായിരുന്നു വൈശാഖന്റെ ആവശ്യം.

സെക്രട്ടറി പദവിയിൽ നിന്നൊഴിവാക്കപ്പെട്ട വൈശാഖൻ തിരിച്ച് അതേ പദവിയിലേക്കെത്താൻ സാധ്യത നിലനിൽക്കെയാണ് വൈശാഖനെതിരെ പുതിയ ആരോപണം ഉയരുന്നത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ പിന്നീട് വിശദീകരിച്ചിരുന്നു. സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും വൈശാഖൻ പറഞ്ഞിരുന്നു. ഈ ആരോപണത്തോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് നടക്കാതെ വരികയായിരുന്നു.