- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇഡി പേടിയിൽ ആകെ കുഴഞ്ഞിരിക്കയാണ് സിപിഎം. നിക്ഷേപകരുടെ പണം തിരികെ കൊടുത്തു ഏതെങ്കിലും വിധത്തിൽ തലയൂരാനാണ് പാർട്ടി ശ്രമം. ഇതുവരെ ഇല്ലാതിരുന്ന ആ ചിന്ത ഇപ്പോൾ എവിടെ നിന്നു വന്നു എന്നതാണ് ഉയരുന്ന ചോദ്യം. നേതാക്കളിലേക്ക് അന്വേഷണം എത്തിയതോടെയാണ് പണം തിരികെ കൊടുക്കണമെന്ന ആലോചന പാർട്ടിയിലും സർക്കാറിലും ഉരുത്തിരിഞ്ഞത്.
ഇതിനിടെ ആരിലേകൊക്കെ അന്വേഷണം വരുമെന്ന ഭയത്തിലാണ് നേതൃത്വം. പി സതീഷ്‌കുമാറിന് ഇപി ജയരാജനമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സിപിഎം കൂടുതൽ വിവാദത്തിലുമായി. എന്നാൽ, ഇ പി ഈ ആരോപണം തള്ളുകയും ചെയ്തു. കരുവന്നൂർ വിഷയത്തിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നെന്ന് എൽഡിഎഫ് കൺവീനർ പറയുന്നു. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ഡ്രൈവർ എന്ന് പറഞ്ഞുവന്നയാൾ ക്വട്ടേഷൻകാരനാണ്. ജയിലിൽ കിടന്ന ഇയാൾ പുറത്തിറങ്ങി കാശിന് വേണ്ടി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമാണ് ഇപി ജയരാജൻ പറയുന്നത്.
'പി സതീഷ് കുമാറിന്റെ ഡ്രൈവർ എന്ന് പറഞ്ഞ് വന്നയാളെ കുറിച്ച് അന്വേഷിക്കണം. അയാൾ ക്രിമിനൽ കേസിൽ കുറേനാൾ ജയിലിൽ കിടന്നിട്ടുണ്ട്. ഇങ്ങനെ പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്തിയതിനും പണത്തിന് വേണ്ടി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ചെയ്തവർക്കെതിരെ പൊലീസ് വിശദമായി അന്വേഷണം നടത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
അതിനിടെ കരുവന്നൂരിൽ ഇപി ജയരാജൻ നടത്തിയ തുറന്നുപറച്ചിൽ പാർട്ടിക്കുള്ളിലും പുകയുന്നുണ്ട്. പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. പാർട്ടിക്ക് ഒരു വീഴ്‌ച്ചയും പറ്റിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ ആവർത്തിക്കുന്ന വേളയിലായിരുന്നു ഇ പി വെടിപൊട്ടിച്ചത്. ഇ പിയുടെ പ്രതികരണം ഏറ്റെടുക്കാനോ പരസ്യ പ്രതികരണത്തിനോ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ശബ്ദമല്ല അതെന്ന തിരിച്ചറിവിലാണ് തുടർ നടപടികൾ.
സമാന അഭിപ്രായമുള്ള നിരവധി പേർ പാർട്ടിയിൽ ഉണ്ട്. സിപിഐയും സമാന അഭിപ്രായം രേഖപ്പെടുത്തി. പണം തിരികെ കൊടുക്കാൻ മാർഗ്ഗം വേണമെന്നാണ് ഇവരുടെ പക്ഷം. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും തുടക്കമയിട്ടുണ്ട്. ഇതിനിടെയാണ് ഇപിയുടെ പ്രതികരണം എത്തിതും.
സഹകരണത്തിൽ തോറ്റാൽ കാൽചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുമെന്ന തിരിച്ചറിവിലാണ് സിപിഎം ഇഡിയുടെത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന നിലയിൽ ആരോപണം ആവർത്തിച്ചുയർത്തിയിരുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞ നിലപാടിന് വിരുദ്ധമായി കരുവന്നൂരിൽ തെറ്റിയത് പാർട്ടിക്കാണെന്ന ഇപിയുടെ തുറന്ന് പറച്ചിൽ നേതൃത്വത്തിന് വലിയ അടിയായി. തിരുത്തേണ്ടവർ തിരുത്തിയില്ലെന്ന് കൂടി പറഞ്ഞതോടെ ഒരു പടികൂടി കടന്ന് അത് മുതിർന്ന നേതാക്കളെ ലക്ഷ്യം വയ്ക്കുന്ന കുറ്റപത്രവുമായി.
എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ അന്ന് മുതൽ നേതൃത്വത്തോട് ഉടക്കി , ഇണങ്ങിയും പിണങ്ങിയും നിന്ന ഇപി ജയരാജൻ കരുവന്നൂരിൽ പുതിയ പോർമുഖം തുറക്കുകയാണ്. പാർട്ടിക്കകത്തെ പുകച്ചിൽ ഏറ്റു പിടിക്കാനോ പരസ്യപ്രതികരണത്തിനോ പക്ഷെ നേതാക്കളാരും തയ്യാറല്ല.
അതിനിടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നിലനിർത്താൻ അതിതീവ്ര പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സിപിഎം തീരുമാനം. നിക്ഷേപങ്ങളുടെ സുരക്ഷിതത്വം മുതൽ നിക്ഷേപകർക്കുള്ള ആശങ്ക വരെ ഏറ്റെടുത്ത് യോഗങ്ങളും വീടുകയറി ബോധവത്കരണവും സംഘടിപ്പിക്കും. കരുതൽ ധനത്തിന്റെയും വായ്പകളുടേയും വിശദാംശങ്ങൾ അതാത് സഹകരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. സഹകാരികളും ബാങ്ക് ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞാണ് ചൊവ്വാഴ്ച മുതൽ വീടുകൾ കയറുന്നത്.




