കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ നിലപാട് ആവർത്തിച്ചു എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ മാസപ്പടി വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ പ്രതികരണം.

കൺസൽട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ ഇത്തരം സ്ഥാപനം നടത്തുന്നു. സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നൽകിയത്. 2017ലെ സംഭവം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതു ദുരുദ്ദേശപരമാണ്. ഇടതു പക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ ശക്തികളുടെ അജൻഡയും ഇതിനു പിന്നിലുണ്ടെന്ന് ഇ.പി.ജയരാജൻ കോട്ടയത്തു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കു കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്നു 1.72 കോടി രൂപയാണു 3 വർഷത്തിനിടെ ലഭിച്ചത്. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നായിരുന്നു ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് തീർപ്പു കൽപിച്ചത്.

201720 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണു വീണയ്ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നുമായിരുന്നു ആദായനികുതി വകുപ്പിന്റെ വാദം. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിന് പരാതിലും ലഭിച്ചിട്ടുണ്ട്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിക്കാരൻ. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയ രാഷ്ട്രീയ നേതാക്കൾക്കും വീണയ്ക്കുമെതിരെ അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.

സി.എം.ആർ.എല്ലും ആദായനികുതിവകുപ്പുമായി ബന്ധപ്പെട്ട നികുതിതർക്കത്തിൽ ആദായനീതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിറക്കിയ ഉത്തരവ് സഹിതമാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ആ ഉത്തരവിൽ പേര് പരാമർശിക്കുന്ന രാഷ്ട്രീയനേതാക്കൾ, വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്.

പരാതിയുടെ പകർപ്പ് ഗവർണറടക്കമുള്ളവർക്കും നൽകിയിട്ടുണ്ട്. സി.എം.ആർ.എല്ലിൽ നിന്ന് ആദായനീതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലുള്ള രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ തുടർനടപടിയെടുത്തില്ലായെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗിരീഷ് ബാബു വ്യക്തമാക്കി.