- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; ഇ പി ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽഗാന്ധിയെ കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് ജയരാജൻ ചോദിച്ചു. രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. രാഹുൽഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി പറഞ്ഞു.
എ.സി ബസ്സിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ. നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുൽ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നതെന്നും ഇ.പി വിമർശിച്ചു.
നേരത്തെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കാത്തത് എന്തുകൊണ്ടെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. രാഹുൽ ഗാന്ധി നേരത്തെയുള്ള പേരിൽ നിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുത്. ജോഡോ യാത്രയ്ക്ക്ശേഷം മാറ്റം വന്നിട്ടുണ്ടെന്നാണ് നിങ്ങളുടെ ആളുകൾ പറയുന്നത്. ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആളുകൾ കരുതും. എന്നെ മാത്രം വിമർശിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. വിമർശിക്കേണ്ട കാര്യങ്ങൾ വിമർശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വനിയമ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണം. രാജ്യം മുഴുവൻ യാത്ര ചെയ്തിട്ടും ഒരിടത്തും ഇത് പറഞ്ഞില്ല. ഇക്കാര്യത്തിൽ മാത്രമാണ് വിമർശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ മുത്തശ്ശി ഈ രാജ്യത്താകെ അടക്കിവാണിരുന്ന കാലത്ത് അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വർഷം. ജയിലെന്ന് കേട്ടാൽ നിങ്ങളുടെ അശോക് ചവാനെ പോലെ അയ്യയ്യോ എനിക്ക് അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് പറയുന്നവരല്ല ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണമെന്ന് കേട്ടപ്പോൾ ഞങ്ങളാരും ബോധംകെട്ട് പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞങ്ങളൊന്നും ചോദ്യംചെയ്യൽ നേരിടാത്തവരല്ല. നിങ്ങളുടെ അനുയായി ആയിരുന്നല്ലോ സിബിഐയ്ക്ക് കേസ് കൊടുത്തത്, നിങ്ങൾ കെട്ടിച്ചമച്ച കേസിന്റെ ഭാഗമായിട്ട്. വിജിലൻസ് തള്ളിയ കേസ് രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായിട്ടായിരുന്നു അന്ന് സിബിഐയ്ക്ക് കൊടുത്തത്. സിബിഐ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടല്ലോ. നേരത്തേ വിജിലൻസ് എവിടെയാണോ അവിടെ തന്നെയാണ് അവരും എത്തിയത്. അന്ന് നിങ്ങളുടെ പാർട്ടിയാണ് അധികാരത്തിൽ. എങ്ങനെയാണ് ആ കേസ് രജിസ്റ്റർ ചെയ്തതെന്നും അന്നത്തെ സിബിഐ യുടെ അന്വേഷണം എന്തായിരുന്നെന്നും അതിന്റെ മുകളിലുള്ള നിയമോപദേശം എന്തായിരുന്നുവെന്നുമൊക്കെ മനസിലാക്കാൻ നോക്കെന്നും പിണറായി പറഞ്ഞു.