തിരുവനന്തപുരം: വടകരയിൽ വർഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിർവാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ നേരിടാൻ പോകുന്ന തിരിച്ചടി ഭയന്നുള്ള മുൻകൂർ ജാമ്യമെടുക്കൽ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വർഗീയ പ്രചാരണങ്ങൾക്കെതിരെ ഉയർന്ന ജനവികാരത്തിൽ നിന്നും ഒളിച്ചോടാൻ കൂടിയാണെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

മണ്ഡലത്തിൽ എൽഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യുഡിഎഫ് പച്ചയായ വർഗീയ കാർഡിറക്കിയത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിൻബലത്തോടെ നടത്തിയ ഈ പ്രചാരണം കോൺഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷജനാധിപത്യവാദികളിൽ ഉൾപ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളിലും അമർഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും മണ്ഡലത്തിൽ ഓളമുണ്ടാക്കാൻ നോക്കി.

ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടർമാരെ സ്വാധീനിച്ചില്ല. മതനിരപേക്ഷജനാധിപത്യ വിശ്വാസികളൊന്നാകെ എൽഡിഎഫിന് പിന്നിൽ അണി നിരന്നു. ഈ തിരിച്ചറിവിൽ നിന്നാണ് കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാൻ ഇത്തരം നാണം കെട്ട പ്രചാരണങ്ങൾക്കിറങ്ങുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

കേവലം നാല് വോട്ടിന് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണെന്നും ഇപി പറഞ്ഞു. കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ തങ്ങൾക്ക് പറ്റിയ ഈ രാഷ്ട്രീയ അപചയം തിരുത്തി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. വടകര ഉൾപ്പെടെ 20 ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫ് വൻ മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ സീറ്റിലും ജയിക്കുമെന്ന കോൺഗ്രസ് അവകാശവാദം പൊള്ളയാണ്. ശാസ്ത്രീയമായ ഒരു പരിശോധനയുമില്ലാതെ നടത്തുന്ന ഇത്തരം വിലയിരുത്തലുകൾക്ക് ജനങ്ങൾ ഒരു വിലയും കൽപ്പിക്കില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.