- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എം ടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെ; രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണം; പ്രസംഗം ദുർവ്യാഖ്യാനം ചെയ്തത് ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവർ; പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധന എന്നും ഇ പി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി എം ടി വാസുദേവൻ നായർ രംഗത്ത് വന്നത് ചർച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയെയോ ഇടതു സർക്കാറിനെയോ പേരു പറയാതെയാണ് നിലവിലെ സമൂഹിക സാഹചര്യങ്ങളെ കുറിച്ച് എം ടി വിമർശനം ഉന്നയിച്ചത്. ഈ വിഷയത്തിൽ, പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തി.എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നും അതിന് പിന്നിൽ ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും ഇപി ജയരാജൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മാത്രമല്ല, പ്രസംഗം കേട്ടപ്പോൾ തനിക്ക് തോന്നിയത് എംടിയുടെ വിമർശനം കേന്ദ്രസർക്കാരിന് എതിരെയാണെന്നും ഇപി പറഞ്ഞു.
സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. അതിന് കേരളത്തിലെ സാഹചര്യങ്ങളുമായി ബന്ധമില്ല. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ മനം നൊന്താവും എം ടി യുടെ പ്രതികരണമെന്നും ഇപി ജയരാജൻ അഭിപ്രായപ്പെട്ടു. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്. പലർക്കും തനിക്കും പിണറായി മഹാൻ ആണെന്നും ജയരാജൻ വ്യക്തമാക്കി. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ കെ ജി, എന്നിവരുടെ ചിത്രങ്ങൾ വീട്ടിൽ വെച്ച് ബഹുമാനിക്കാറില്ലേ. അതുപോലെയാണ് പിണറായിയോടുള്ള ആദരവുമെന്നും ആണ് ഇപി ജയരാജന്റെ വിശദീകരണം.
ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇരിക്കെ അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമർശനമാണ് തൊടുത്തുവിട്ടത്. അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആകാം. അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം ടി പറഞ്ഞു.
തെറ്റു പറ്റിയാൽ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം ടി വാസുദേവൻ നായർ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം എംടി തുറന്നടിച്ചത്.
മറുനാടന് മലയാളി ബ്യൂറോ